KOYILANDY DIARY.COM

The Perfect News Portal

നിമിഷപ്രിയയുടെ വധശിക്ഷ; കാന്തപുരത്തിന്റെ ഇടപെടൽ ഗുണകരമായ വഴിത്തിരിവ് സൃഷ്ടിച്ചു; ഡോ. ജോൺ ബ്രിട്ടാസ് എം പി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവയ്ക്കുന്നതിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടൽ ഗുണകരമായ വഴിത്തിരിവ് സൃഷ്ടിച്ചുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ച തീരുമാനത്തിൽ പ്രതികരണം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. കാന്തപുരത്തിന്റെ ഇടപെടൽ ഫലപ്രദമായ സാഹചര്യം സംജാതമാക്കിയെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി മാധ്യമങ്ങളോടായി പറഞ്ഞു.

ഈ വിഷയം സംബന്ധിച്ച് വിദേശകാര്യ മന്ത്രിക്ക് കത്തയക്കുകയും ബജറ്റ് സമ്മേളനത്തിൽ ചോദ്യമുയർത്തുകയും ചെയ്തിരുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദോഗിക സംവിധാനങ്ങൾക്കപ്പുറമുള്ള സംവിധാനങ്ങൾ ഈ വിഷയത്തിൽ ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

രാജ്യാന്തര വിഷയം എന്നതിനപ്പുറത്തേക്ക് ഈ വിഷയത്തിൽ പല വൈകാരിക തലങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുടെ വികാരം ഉൾക്കൊണ്ടുകൊണ്ട് തന്നെയുള്ള ഇടപെടൽ ആണ് ഈ വിഷയത്തിൽ നടത്തേണ്ടത്. മതപണ്ഡിതന്മാരടക്കമുള്ളവരുമായി ചർച്ച ചെയ്തുകൊണ്ട് കാന്തപുരം നടത്തിയ ഇടപെടൽ ഗുണകരമായ തീരുമാനത്തിലേക്കെത്താൻ സഹായകരമായി എന്നും ഡോ ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

Advertisements
Share news