KOYILANDY DIARY.COM

The Perfect News Portal

നിമിഷ പ്രിയയുടെ വധശിക്ഷ: മോചനത്തിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

നിമിഷ പ്രിയയുടെ വധശിക്ഷ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ മോചനത്തിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദിയാധനം നല്‍കാന്‍ സൗകര്യമൊരുക്കുക, നയതന്ത്ര ചര്‍ച്ചകള്‍ വേഗത്തിലാക്കുക, നയതന്ത്ര ചര്‍ച്ചകളില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി. വിദേശകാര്യമന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി, ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍ എന്‍ കെ കുഞ്ഞഹമ്മദാണ് അഡ്വ. സുഭാഷ് ചന്ദ്രന്‍ മുഖേന ഹര്‍ജി ഫയല്‍ ചെയ്തത്.

 

ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് മുന്‍കൂര്‍ നോട്ടീസയ്ക്കാന്‍ നിര്‍ദേശിച്ച സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാരും കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. കെ രാധാകൃഷ്ണന്‍ എംപി യും എഎ റഹിം എംപിയും പ്രധാനമന്ത്രിക്കും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനുമാണ് കത്തയച്ചത്.

Advertisements

 

വധശിക്ഷ തിയതി പ്രഖ്യാപിച്ചതിനാല്‍ ദിയാധനം നല്‍കി നിമിഷ പ്രിയയെ മോചിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ കത്തിലൂടെ ആവശ്യപ്പെട്ടു. നേരത്തേ വിഷയം നിരവധി തവണ പാര്‍ലമെന്റില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉയര്‍ത്തിയിരുന്നു. എന്നാല്‍ നിമിഷയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മിലുളള തര്‍ക്കമാണിതെന്ന ഉദാസീന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.

Share news