KOYILANDY DIARY

The Perfect News Portal

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻഐഎ റെയ്ഡ്; പരിശോധന 56 ഇടങ്ങളിൽ

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ  മുന്‍ ഭാരവാഹികളുടെ വീട്ടില്‍ എന്‍ഐഎ റെയിഡ്. സംസ്ഥാനത്തെ 56 ഇടങ്ങളിലാണ് പുലർച്ചെയെത്തിയ എന്‍ഐഎ സംഘം പരിശോധന നടത്തുന്നത്. പലയിടത്തും റെയ്ഡ് ഇപ്പോഴും തുടരുകയാണ്. എറണാകുളത്ത് 12 ഇടങ്ങളില്‍ എരിശോധന നടക്കുന്നുണ്ട്. മൂവാറ്റുപുഴ, ആലുവ, പെരുമ്പാവൂര്‍ മേഖലകളിലാണ് നേതാക്കളുടെ വീട്ടില്‍ പരിശോധന നടത്തിയത്. സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ എന്നിവരുടെ വീട്ടിലാണ് റെയ്ഡ്.

മലപ്പുറത്ത് വിവിധ ഭാഗങ്ങളിലായി ഏഴിടങ്ങളിലാണ് റെയ്ഡ്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാനായിരുന്ന  ഒഎംഎ സലാമിന്റെ സഹോദരൻ ഒഎംഎ ജബ്ബാറിന്റെ മഞ്ചേരി പട്ടർകുളത്തെ വീട്ടിലും,പോപ്പുലർ ഫ്രണ്ട് ദേശീയ ട്രൈനെർ ആയിരുന്ന ഇബ്രാഹിമിന്റെ പുത്തനത്താണിയിലെ വീട്ടിലും  , മുൻ സംസ്ഥാന ചെയർമാനായിരുന്ന പി അബ്ദുൽ ഹമീദിന്റെ കോട്ടക്കൽ ഇന്ത്യനൂരിലെ വസതിയിലും, പോപ്പുലർ ഫ്രണ്ട് നേതാക്കളായിരുന്ന കോട്ടക്കൽ ചെറുകാവ്‌ റഫീഖ്, കൊണ്ടോട്ടിയിലെ മുജീബ് റഹ്‌മാൻ (ഇയാൾ നേരത്തെ പൈപ്പ് ബോംബ് കണ്ടെത്തിയ കേസിൽ പ്രതിയാണ്), വളാഞ്ചേരി സ്വദേശി അഹദ് , കാട്ടിപ്പരുത്തി മൊയ്‌ദീൻ കുട്ടിഎന്നിവരുടെ വീട്ടിലുമാണ് പരിശോധന.

കോഴിക്കോട് പാലേരിയിൽ  പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ കെ സാദതിന്റെ വീട്ടിലാണ് പരിശോധന.  ആനക്കുഴിക്കര റഫീഖിന്റെ വീട്ടിലും നാദാപുരം വിലദപുരത്ത് നൗഷാദിന്റെ  വീട്ടിലും റെയ്ഡ് നടത്തി.

Advertisements

തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സ്ഥലങ്ങളില്‍ പരിശോധന നടക്കുകയാണ്. തോന്നയ്ക്കല്‍, നെടുമങ്ങാട്, പള്ളിക്കല്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്. തോന്നയ്ക്കല്‍ നവാസിന്റെ വീട്ടില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. കൊല്ലത്ത് കരുനാഗപ്പള്ളി, ചക്കുള്ളി എന്നിവിടങ്ങളിലാണ് പരിശോധന. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പിഎഫഐ നേതാവായിരുന്ന സുനീര്‍ മൗലവിയുടെ വീട്ടിലാണ് റെയ്ഡ്. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കേരള പൊലീസിന്റെ സാന്നിധ്യത്തിലാണ് എന്‍ഐഎ പരിശോധന. ഈരാറ്റുപേട്ടയിലും പരിശോധന നടക്കുകയാണ്.