കട്ടൗട്ടിൻ്റെ ചിത്രം പങ്കുവച്ചു, കേരളത്തിനു നന്ദി പറഞ്ഞ് നെയ്മർ
കട്ടൗട്ടിൻ്റെ ചിത്രം പങ്കുവച്ചു, കേരളത്തിനു നന്ദി പറഞ്ഞ് നെയ്മർ. ദോഹ: ലോകകപ്പ് ആവേശം ലോകമെങ്ങും ആഘോഷിക്കുമ്പോൾ ഫിഫയുടെ ഔദ്യോഗിക പേജിൽ വരെ ഇടം കണ്ടെത്തിയ കേരളത്തിലെ ആരാധകർക്ക് നന്ദി അറിയിക്കുകയാണ് ബ്രസീൽ സൂപ്പർ താരം നെയ്മർ. കേരളത്തിലെ ബ്രസീൽ ആരാധകർ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടിൻ്റെ ചിത്രം താരം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചു. ഒപ്പം കേരളത്തിനുള്ള നന്ദിയും അറിയിച്ചു. നെയ്മാറിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൻ്റെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം പങ്കുവച്ചത്.
ഖത്തർ ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോടു പെനൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ബ്രസീൽ പുറത്തായത്. മത്സരത്തിൻ്റെ എക്സ്ട്രാ ടൈമിൽ നെയ്മറാണ് ബ്രസീലിനായി ഗോൾ നേടിയത്. എന്നാൽ 117–ാം മിനിറ്റിൽ ബ്രൂണോ പെറ്റ്കോവിച്ചിലൂടെ ക്രൊയേഷ്യ ഗോള്‍ മടക്കി. പെനൽറ്റിയിൽ 4–2 നാണ് ക്രൊയേഷ്യയുടെ വിജയം. പുറത്തായതിനു ശേഷം കരഞ്ഞുകൊണ്ടാണ് നെയ്മാർ ഗ്രൗണ്ട് വിട്ടത്. ലോകകപ്പിനു ശേഷം നെയ്മാർ ഫുട്ബോളിൽനിന്ന് താൽക്കാലികമായി വിട്ടുനിൽക്കുമെന്നാണു വിവരം.