‘പുതിയ ലേബർ കോഡുകൾ ജോലി സുരക്ഷിതത്വം അപകടത്തിലാക്കും’; ഡോ. ജോൺ ബ്രിട്ടാസ് എം പി
.
കേന്ദ്രത്തിന്‍റെ പുതിയ ലേബർ കോഡ് പരിഷ്കരണം ജോലി സുരക്ഷിതത്വം അപകടത്തിലാക്കുമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷന്‍ കേരള സര്‍ക്കിളിന്‍റെ ഒമ്പതാമത് ത്രൈവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺട്രാക്റ്റ് ജോലി കൂടുതലും ഉള്ളത് ബാങ്കിംഗ് മേഖലയിൽ ആണെന്നും, സാധാരണ ജനങ്ങളിൽ നിന്ന് ബാങ്കിംഗ് മേഖല അകന്നുകൊണ്ടിരിക്കുകയാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

70% വ്യവസായ യൂണിറ്റുകളിലും, 74% തൊഴിലാളികൾക്കും അവരുടെ ജോലി സുരക്ഷിതത്വത്തിൽ നിലവിലുള്ള ലേബർ നിയമങ്ങൾ ബാധകമാകില്ല. ഇത്തരം തൊഴിലാളികളെ കരാർ തൊഴിലാളികളായി നിയമിക്കാനും തോന്നുമ്പോൾ പിരിച്ചുവിടാനും സാധിക്കും. ഇത് ജോലി സുരക്ഷിതത്വത്തെ ഭീഷണിയിലാക്കുന്ന ഒന്നാണ്. പുതിയ ലേബർ കോഡ് നിയമങ്ങളുടെ പ്രത്യേകത ആളുകൾ പഠിച്ചിരിക്കേണ്ടതാണെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

സാധാരണ ജനങ്ങളിൽ നിന്ന് ബാങ്കിംഗ് മേഖല അകന്നു കൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യയിൽ സാധാരണ ജനങ്ങൾക്ക് ഒരു ബാങ്ക് ബ്രാഞ്ചിലേക്ക് എത്താൻ 50, 60 കിലോമീറ്റർ സഞ്ചരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വ്യവസായികൾക്ക് വേണ്ടി കേന്ദ്രം 17 ലക്ഷം കോടി രൂപ എഴുതി തള്ളിയെന്നും അദ്ദേഹം വിമർശിച്ചു. ബാങ്കിംഗ് മേഖലയിൽ യൂണിയനുകളുടെയും സംഘടനകളുടെയും പ്രാധാന്യം വർദ്ധിക്കുന്ന അവസരമാണിതെന്നും ഡോ. ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

പൊതുസമ്മേളനത്തിൽ എസ് ബി ഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ കെ വി ബംഗാറാജു മുഖ്യതിഥി ആയി. ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധികൾ, ബാങ്കുകള്‍ പൊതുമേഖലയില്‍ തുടരേണ്ടുന്നതിന്‍റെ ആവിശ്യകത, ബാങ്ക് ഓഫീസര്‍മാര്‍ അനുഭവിക്കുന്ന ജോലിസമ്മര്‍ദ്ദം തുടങ്ങിയവ സമ്മേളനത്തിൽ ചർച്ചയായി.



