പുതിയ ജി എസ് ടി സമ്പ്രദായം സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കുന്നു; മന്ത്രി കെ എൻ ബാലഗോപാൽ

പുതിയ ജി എസ് ടി സമ്പ്രദായം സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. അടിയന്തര ജി എസ് ടി കൗൺസിൽ യോഗം സെപ്റ്റംബർ 3, 4 തീയതികളിൽ വിളിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൗൺസിൽ ചർച്ച ചെയ്യും. കേരളം കേരളത്തിന്റെ ആശങ്ക അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

8000 – 9000 കോടി നികുതി ഇനത്തിൽ കേരളത്തിന് പ്രതി വർഷം കുറയും. പൊതു ധനകാര്യസ്ഥിതിയെ ബാധിക്കും എന്ന ആശങ്കയുണ്ട്. സർക്കാരിന്റെ വരുമാനം ഒറ്റയടിക്ക് 30000 വരെ കുറയുന്നു. എല്ലാ മേഖലയെയും ഇത് സാരമായി ബാധിക്കും. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വിചാരിക്കുന്നതിനേക്കാളും വലിയ പ്രത്യാഘാതം പുതിയ ജി എസ് ടി സമ്പ്രദായം ഉണ്ടാക്കും. സംസ്ഥാനത്തിന് വരുന്ന നഷ്ടം കേന്ദ്രത്തെ അതുപോലെ ബാധിക്കില്ല. കേരളത്തിൻ്റെ ഖജനാവിനെ ബാധിക്കും എന്ന ആശങ്ക വന്നെങ്കിലും അതിനെ നമ്മൾ അതിജീവിച്ചു. സംസ്ഥാനങ്ങളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

