KOYILANDY DIARY

The Perfect News Portal

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 20 പുതിയ കുറ്റകൃത്യങ്ങള്‍, 33 കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷ

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 20 പുതിയ കുറ്റകൃത്യങ്ങള്‍, 33 കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷ 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ ഇന്ന്മുതൽ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് നിലവിൽ വന്നത്. ഇന്ന് മുതൽ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥ അനുസരിച്ചാകും.

Advertisements

അതിനു മുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി എടുക്കുക. ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരം ആയിരിക്കും.

33 കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷയും 83 കുറ്റങ്ങള്‍ക്ക് പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. 20 പുതിയ കുറ്റകൃത്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 23 കുറ്റങ്ങള്‍ക്ക് നിര്‍ബന്ധിത മിനിമം ശിക്ഷ ഉറപ്പാക്കി. ആറു കുറ്റങ്ങള്‍ക്ക് സാമൂഹ്യസേവനം ശിക്ഷയായി ചേര്‍ത്തു.

Advertisements

പുതിയ നിയമമനുസരിച്ച് ക്രിമിനല്‍ കേസുകളില്‍ വിചാരണ പൂര്‍ത്തിയായി 45 ദിവസത്തിനുള്ളില്‍ വിധി പറയുകയും ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തുകയും വേണം. ബലാത്സംഗത്തിന് ഇരയായവരുടെ മൊഴി ഒരു വനിതാ പൊലീസ് ഓഫീസര്‍ അവരുടെ രക്ഷിതാവിന്റെയോ ബന്ധുവിന്റെയോ സാന്നിധ്യത്തില്‍ രേഖപ്പെടുത്തുകയും ഏഴ് ദിവസത്തിനകം മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയും വേണം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ നിയമത്തിന്റെ കരട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പിന്നീട് ഡിസംബര്‍ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബര്‍ 25-ന് രാഷ്ട്രപതി അംഗീകാരം നല്‍കി.