KOYILANDY DIARY

The Perfect News Portal

നീറ്റ് ക്രമക്കേട് ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം; വിഷയത്തില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം

നീറ്റ് ക്രമക്കേട് വിഷയത്തില്‍ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. നീറ്റില്‍ പ്രത്യേക ചര്‍ച്ച വേണമെന്നും പാര്‍ലമെന്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന സന്ദേശം നല്‍കണമെന്നും രാഹുല്‍ഗാന്ധി. വിഷയത്തില്‍ ഉറപ്പ് ലഭിക്കാത്തതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ നരേന്ദ്രമോദിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശവും മണിപ്പൂരടക്കം വിഷയങ്ങള്‍ ഉയര്‍ത്തി മല്ലികാര്‍ജുന്‍ ഖര്‍ഗെ. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണെമന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഇന്ത്യാ സഖ്യം പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം നടത്തി.

Advertisements

നീറ്റ് വിഷയം ലോക്‌സഭയില്‍ പ്രതിപക്ഷം ഇന്നും ശക്തമായി ഉന്നയിച്ചു. നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ രാധാകൃഷ്ണന്‍ എംപിയും കൊടിക്കുന്നില്‍ സുരേഷും അടക്കമുളള പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. സഭയുടെ കീഴ് വഴ്ക്കം അനുസരിച്ചാണെങ്കില്‍ നന്ദിപ്രമേയ ചര്‍ച്ചകള്‍ക്ക് വേണ്ടി ഒരു ദിവസം നീറ്റ് ചര്‍ച്ചയ്ക്കായി മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. പാര്‍ലമെന്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന സന്ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാല്‍ ഈ സമയം വിഷയം ചര്‍ച്ചയ്ക്ക് എടുക്കരുതെന്ന് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാമെന്ന കാര്യത്തില്‍ സ്പീക്കര്‍ ഓം ബിര്‍ള ഉറപ്പു നല്‍കാത്തതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. അതേസമയം രാജ്യസഭയില്‍ നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചായിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നന്ദിപ്രമേയ ചര്‍ച്ച. പാര്‍ലെമന്റ് വളപ്പില്‍ നിന്നും അംബേദ്കര്‍ പ്രതിമ മാറ്റി സ്ഥാപിക്കാനുളള കേന്ദ്രനീക്കവും മണിപ്പൂര്‍ വിഷയവും തെരഞ്ഞെടുപ്പ് കാലത്തെ മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശവും ഉന്നയിച്ചായിരുന്നു ഖര്‍ഗെയുടെ പ്രസ്താവന.

Advertisements

 

ഇതോടെ രാജ്യസഭയും പലതവണ ഭരണപ്രതിപക്ഷ ബഹളത്തിന് കാരണമായി. രാവിലെ പാര്‍ലെമന്റ് വളപ്പിന് പുറത്തും പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണെമന്നാവശ്യപ്പെട്ടായിരുന്നു പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിഷേധം.