നീറ്റ് പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് സുപ്രീം കോടതി വിശദീകരണം തേടി

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ്. ഏജൻസിയോട് (എൻടിഎ) വിശദീകരണം തേടി സുപ്രീംകോടതി. ആരോപണങ്ങൾ പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്നും വിഷയത്തിൽ കൃത്യമായ വിശദീകരണം നൽകണമെന്നും സുപ്രീംകോടതി പറഞ്ഞു. എന്നാൽ പ്രവേശന നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസിക്കൊപ്പം കേന്ദ്രസർക്കാരിനും നോട്ടീസയയ്ക്കും. നീറ്റ് യുജി പരീക്ഷയുടെ ഫലം വരുന്നതിനു മുമ്പ് നൽകിയ ഹർജിയിലാണ് ഇപ്പോൾ നടപടി. നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതായി വിദ്യാർഥികൾ ആരോപിച്ചിരുന്നു. തുടർന്ന് വിദ്യാർഥികൾ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. പരീക്ഷാഫലം വന്നതിനു ശേഷവും വിവാദം ശക്തമായിരുന്നു.


67 പേർക്ക് ഒന്നാം റാങ്കും ഏതാനും വിദ്യാർഥികൾക്ക് മുഴുവൻ മാർക്കിനടുത്തും ലഭിച്ചു. കൂടാതെ ഹരിയാനയിലെ 6 സെൻ്ററുകളിൽ പരീക്ഷയെഴുതിയ വിദ്യാർഥികൾക്കാണ് കൂടുതൽ മാർക്ക് ലഭിച്ചത്. ഇതോടെ പ്രതിഷേധം ശക്തമായിരുന്നു. കൂടുതൽ ഹർജികൾ പരീക്ഷാഫലം പുറത്തുവന്നതിനു ശേഷം സുപ്രീംകോടതിയിലെത്തിയിരുന്നു.


