KOYILANDY DIARY.COM

The Perfect News Portal

അമിത ശേഷിയുള്ള മയക്കുഗുളിക എഴുതി നൽകാൻ ആവശ്യം; മലപ്പുറത്ത് ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി

അമിത ശേഷിയുള്ള മയക്കുഗുളിക എഴുതി നൽകണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാത്രി പതിനൊന്നരയോടെ ആശുപത്രിയിലെത്തിയ ആളാണ് ജദീർ അലി എന്ന ഡോക്ടറെ മരുന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്.

 

 

ഇയാൾ അമിതശേഷിയുള്ള മയക്കുഗുളിക എഴുതി നൽകാൻ ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു. മാനസികാരോഗ്യ വിദഗ്ധനെ കാണാൻ ഡോക്ടർ നിർദേശിച്ചെങ്കിലും ഡോസ് കൂടിയ മയക്കുഗുളിക എഴുതി നൽകണമെന്ന് നിർബന്ധിച്ചു. നിർബന്ധം സഹിക്കാനാവാതെ ഡോക്ടർ വിറ്റാമിൻ ഗുളിക എഴുതിനൽകി. കുറിപ്പുമായി പുറത്തുപോയ ശേഷം തിരികെ എത്തിയ ഇയാൾ ഡോസ് കൂടിയ മരുന്ന് എഴുതി നൽകണമെന്നാവശ്യപ്പെട്ട് കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.

 

ഇതോടെ ഡോക്ടർ മാനസികാരോഗ്യ വിദഗ്ധനെ കാണാനുള്ള കുറിപ്പടി എഴുതി നൽകി. ഇതും വാങ്ങി ഭീഷണിപ്പെടുത്തിയ ആൾ പോയി. ഇതിനിടെ ആശുപത്രിയിലുള്ളവർ വിവരം പൊലീസിലറിയിച്ചു. പൊലീസ് എത്തിയപ്പോളേക്കും ആൾ സ്ഥലംവിട്ടിരുന്നു. വ്യാഴാഴ്ച താലൂക്കാശുപത്രി സൂപ്രണ്ട് രേഖാമൂലം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Advertisements
Share news