KOYILANDY DIARY.COM

The Perfect News Portal

നെടുമ്പാശ്ശേരി അവയവക്കടത്ത് കേസ്; മുഖ്യപ്രതി മധുവിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കാൻ നീക്കം

നെടുമ്പാശ്ശേരി അവയവക്കടത്ത് കേസിൽ മുഖ്യപ്രതി മധുവിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കാൻ നീക്കം. ഇതിനായി പൊലീസ് സിബിഐയ്ക്ക് അപേക്ഷ നൽകി. ഇറാനിലുള്ള മധുവിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് ശ്രമം. കേസിലെ മുഖ്യ പ്രതിയായ മധു കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഇറാനിലാണ്. അവിടെയിരുന്നുകൊണ്ടാണ് ഇയാള്‍ അവയവക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്.

ഇയാളുടെ സംഘത്തിലെ മുഖ്യ കണ്ണികളായ 3 പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കി അവയവദാതാക്കളെ കണ്ടെത്തിയിരുന്ന ഹൈദരാബാദ് സംഘത്തിന്‍റെ മുഖ്യചുമതലക്കാരനായിരുന്ന ബല്ലംകൊണ്ട രാംപ്രസാദ്, ഇവരുടെ സംഘത്തിലെ കണ്ണിയും ദാതാക്കളെ ഇറാനിലെത്തിക്കുകയും ചെയ്തിരുന്ന സാബിത്ത് നാസര്‍, കൂട്ടാളിയായ സജിത്ത് ശ്യം എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

 

ഇവരെല്ലാം പ്രവര്‍ത്തിച്ചിരുന്നത് ഇറാനിലുള്ള മധുവിന്‍റെ നിര്‍ദേശപ്രകാരമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒപ്പം അവയവക്കടത്തിന്‍റെ മറവില്‍ ഇയാള്‍ കോടികളുടെ സാമ്പത്തിക ഇടപാട് നടത്തിയതായും വ്യക്തമായിരുന്നു. എന്നാല്‍ മധു വിദേശത്തായതിനാല്‍ അന്വേഷണ സംഘത്തിന് ഇയാളെ പിടികൂടുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ട്.

Advertisements

 

ഈ സാഹചര്യത്തില്‍ ഇയാളെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. മധുവിനെ കണ്ടെത്തുന്നതിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസിറക്കാനായി ഇന്‍റര്‍ പോളിന്‍റെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. ഇന്ത്യയിലെ ഇന്‍റര്‍പോളായ സിബിഐയ്ക്ക് അന്വേഷണ സംഘം ഇനിനകം അപേക്ഷയും നല്‍കിയിട്ടുണ്ട്.

Share news