നവ കേരള സദസ്സ് – മൂടാടി പഞ്ചായത്ത് സ്വാഗതസംഘം രൂപീകരിച്ചു
മൂടാടി: നവ കേരള സദസ്സ് – മൂടാടി പഞ്ചായത്ത് സ്വാഗതസംഘം രൂപീകരിച്ചു. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി കേരളം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങളെകുറിച്ച് വിദഗ്ദ്ധരില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും നടത്തുന്ന നവകേരള സദസ്സ് നവംബര്‍ 25ന് കൊയിലാണ്ടിയിലും നടക്കുകയാണ്.

സദസ്സിന്‍റെ ഉജ്വല വിജയത്തിനായി മൂടാടി പഞ്ചായത്ത് തല സ്വാഗതസംഘം രൂപീകരിച്ചു. ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, സാമൂഹിക, സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തകര്‍, വിവിധ തൊഴില്‍ മേഖലയിലുള്ളവര്‍ തുടങ്ങിയ എല്ലാ വിഭാഗത്തിന്‍റെയും പങ്കാളിത്തംകൊണ്ട് പരിപാടി ഉജ്വലമായി. മൂടാടി പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം എം.പി ശിവാനന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജീവാനന്ദന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഗിരീഷ് , അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീനാഥ്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ടി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി സ്വാഗതം പറഞ്ഞു.

സ്വാഗതസംഘം ഭാരവാഹികളായി ചെയര്‍മാന്‍: സി.കെ ശ്രീകുമാര്‍ (മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) കണ്‍വീനര്‍: ഗിരീഷ് (മൂടാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
