ശുചിത്വപാഠത്തിന് ദേശീയ അംഗീകാരം

കോഴിക്കോട്: മാലിന്യമെന്ന ദുർഗന്ധത്തെ ശുചിത്വത്തിന്റെ നറുമണത്തിലേക്ക് വഴിമാറ്റിയ നഗരത്തിലെ റസിഡന്റ്‌സ് അസോസിയേഷൻ ദേശീയ പുരസ്‌കാരത്തിന്റെ നിറവിൽ. തൊണ്ടയാട് റോക്ക് വേ റസിഡന്റ്‌സ് അസോസിയേഷനാണ് സ്വച്ഛ് ഭാരത് മിഷന്റെ ഏറ്റവും മികച്ച സീറോ വേസ്റ്റ് കമ്യൂണിറ്റി, സീറോ വേസ്റ്റ് ലൈഫ് സ്റ്റൈൽ അംഗീകാരങ്ങൾ നേടിയത്.

നവി മുംബൈയിലെ സീവുഡ് എസ്റ്റേറ്റ് എൻആർഐ കോ- ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി, ബംഗളൂരുവിലെ എച്ച്‌ആർഎസ് ലേ ഔട്ട് എന്നിവയാണ് പദവി നേടിയ മറ്റ് രണ്ട് കൂട്ടായ്‌മകൾ. പറച്ചിലിൽ അല്ല, പ്രവൃത്തിയിലാണ് കാര്യമെന്ന് നാടിന് കാണിച്ച് തന്നാണ് 96 വീടുകളുടെ കൂട്ടായ്‌മ ഈ പദവിയിലെത്തിയത്. പ്ലാസ്‌റ്റിക്കോ ചപ്പുചവറുകളോ ഇല്ലാത്ത ചെറു റോഡുകളും പറമ്പുകളും, ജൈവ മാലിന്യത്താൽ വിളയുന്ന പച്ചക്കറി ചെടികൾ, മാലിന്യ സംസ്‌കരണ സംവിധാനമുള്ള വീടുകൾ ഇങ്ങനെ തുടങ്ങുന്നു റസിഡന്റ്‌സ് അസോസിയേഷന്റെ പ്രത്യേകത.

മുഴുവൻ വീടുകളിലും ജൈവ മാലിന്യം സംസ്‌കരിച്ച് വളമാക്കുകയും അജൈവ മാലിന്യം ഹരിതകർമ സേനയ്‌ക്ക് നൽകുകയുമാണ്. വാർഡ് അംഗമായ മേയർ ഡോ. ബീനാ ഫിലിപ്പിന്റെ എല്ലാ പിന്തുണയും ഇവർക്കുണ്ട്. 2009 മുതലാണ് മാലിന്യമുക്ത പദവിയിലേക്കുള്ള യാത്ര ആരംഭിച്ചത്. ശാസ്‌ത്രസാഹിത്യ പരിഷത്ത് അംഗങ്ങളായ ചില വീട്ടുകാരാണ് ഹരിതഗൃഹ ആശയത്തിൽ ഇതിന് തുടക്കമിട്ടത്. തുടർന്നാണ് മുഴുവൻ വീടുകളിലും ഈ ആശയം നടപ്പാക്കിയത്.

നിറവ് വേങ്ങേരി പ്രോജക്ട് ഡയറക്ടർ ബാബു പറമ്പത്തിന്റെ ക്ലാസും അംഗങ്ങൾക്ക് നൽകി. അക്കാലം ഇവിടെനിന്ന് ഒരു അജൈവ മാലിന്യവും പുറത്തെത്തിയിരുന്നില്ല. വേർതിരിച്ച് ശേഖരിച്ച് സ്വകാര്യ ഏജൻസികൾക്കും പിന്നീട് നിറവിനും കൈമാറി. ഓരോ മാസവും ഉൽപ്പാദിപ്പിക്കുന്ന 3000 കിലോയോളം ജൈവ മാലിന്യം ബയോഗ്യാസ് പ്ലാന്റ്, റിങ് കമ്പോസ്റ്റ്, കിച്ചൻ ബിൻ, ബൊക്കാഷി ബക്കറ്റ് തുടങ്ങിയവയിൽ നിക്ഷേപിച്ച് വളവും പാചകവാതകവുമാക്കി മാറ്റുന്നു.

ഇങ്ങനെയുണ്ടാക്കുന്ന 1536 കിലോയോളം വളമുപയോഗിച്ചാണ് പ്രദേശത്ത് കൃഷിചെയ്യുന്നത്. ഇതോടൊപ്പം പൊതുവഴികളും ഓവു ചാലുകളും വൃത്തിയായി സൂക്ഷിക്കുകയും മഴക്കാലപൂർവ ശുചീകരണവും നടത്തുന്നു. അസോസിയേഷൻ പ്രസിഡണ്ട് പ്രഭാകരൻ കയനാട്ടിലിന്റെയും സെക്രട്ടറി എൻ രമേശന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
