KOYILANDY DIARY.COM

The Perfect News Portal

ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം: മുഖ്യമന്ത്രി

സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കണ്ണൂര്‍ ജില്ലയിലെ നടാലില്‍ ബസുകള്‍ക്ക്കൂടി സഞ്ചരിക്കുന്ന വിധത്തില്‍ അടിപ്പാത നിര്‍മ്മിക്കേണ്ടതുണ്ട്. അവിടെ ബസ് ഉടമകള്‍ മാത്രമല്ല നാട്ടുകാരും പ്രതിഷേധത്തിലാണ്. ചാല വരെ സഞ്ചരിച്ച് ബസ് തിരിച്ചുവരേണ്ടി വരുന്ന അവസ്ഥയാണ്. ഇത് പ്രത്യേക കേസായി പരിഗണിച്ച് നടപടി സ്വീകരിക്കണം.

 

നിര്‍മ്മാണ പ്രവൃത്തിക്ക് തടസമുണ്ടാകരുത്. ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ബന്ധപ്പെട്ട ജില്ലാകളക്ടറും പോലീസ് മേധാവിയും മുന്‍കൈയെടുക്കണം. കേരളത്തിന്‍റെ ഭൂമി ശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്തു വേണം പ്രവൃത്തികള്‍ നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ബിട്രേഷന്‍ സമയബന്ധിതമായി തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

Advertisements

 

17 സ്ട്രച്ചുകളിലായി മൊത്തം 642 കിലോമീറ്റര്‍ റോഡിന്‍റെ പൂര്‍ത്തീകരണ തിയതിയും യോഗത്തില്‍ ചര്‍ച്ചയായി. 480 കിലോമീറ്റര്‍ 2025 ഡിസംബറോടെ പൂര്‍ത്തിയാകും. ആകെ 560 കിലോമീറ്റര്‍ 2026 മാര്‍ച്ചിലും പൂര്‍ത്തിയാകും. കാസർകോട് ജില്ലയില്‍ 83 കിലോമീറ്ററില്‍ 70 കിലോമീറ്റര്‍ പൂര്‍ത്തിയായി. കണ്ണൂര്‍ 65 ല്‍ 48 കി.മീ, കോഴിക്കോട് 69 ല്‍ 55 കി.മീ, മലപ്പുറം 77 ല്‍ 76 കി.മീ, തൃശ്ശൂരില്‍ 62 ല്‍ 42 കി.മീ, എറണാകുളം 26 ല്‍ 9 കി.മീ, ആലപ്പുഴ 95 ല്‍ 34 കി.മീ, കൊല്ലം 56 ല്‍ 24 കി.മീ, തീരുവനന്തപുരം 30 കിലോമീറ്ററില്‍ 5 കി.മീ എന്നിങ്ങനെയാണ് പ്രവൃത്തി പുരോഗതി.

 

യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, പിഡബ്ല്യുഡി സെക്രട്ടറി കെ ബിജു, ജില്ലാകളക്ടര്‍മാര്‍, ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍ കേണല്‍ എ കെ ജാന്‍ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share news