KOYILANDY DIARY

The Perfect News Portal

നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതി: ജനുവരി ആദ്യ വാരത്തോടെ നാടിന് സമർപ്പിക്കും

പേരാമ്പ്ര: നമ്പിക്കുളം ഇക്കോടൂറിസം പദ്ധതി ജനുവരി ആദ്യ വാരത്തോടെ നാടിന് സമർപ്പിക്കും. കൂരാച്ചുണ്ട് പഞ്ചായത്തിലെ കാറ്റുള്ള മലയിലെ നമ്പിക്കുളം ഇക്കോടൂറിസം പദ്ധതിയാണ് ജനുവരി ആദ്യവാരത്തോടെ പണി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാൻ തീരുമാനിച്ചത്. കെ.എം. സച്ചിൻദേവ് എം.എൽ.എ. കളക്ടറേറ്റിൽ വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് ശേഷിക്കുന്ന പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ തീരുമാനിച്ചത്. 2016-ലാണ് നമ്പിക്കുളത്ത് ടൂറിസം വികസന പദ്ധതി നടപ്പാക്കാൻ ശ്രമങ്ങൾ തുടങ്ങിയത്. പ്രദേശത്തെ സ്ഥലമുടമകൾ വിട്ടുനൽകിയ 2.56 ഏക്കർ സ്ഥലത്ത് നാലുവർഷം മുമ്പ് പ്രവൃത്തികൾ ആരംഭിച്ചു.

സർക്കാർ ഒന്നര കോടി രൂപയാണ് ആദ്യഘട്ട വികസനത്തിനായി അനുവദിച്ചത്. കേരള ഇലക്ട്രിക്കൽ ആൻഡ്‌ അലൈഡ് എൻജിനിയറിങ്‌ ലിമിറ്റഡിനാണ് നിർമാണ ചുമതല. പ്രകൃതിയെസംരക്ഷിച്ചുള്ള ഇക്കോ ടൂറിസവും സാഹസികടൂറിസവും സമന്വയിപ്പിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു ഉദ്ദേശ്യം. 2019 മാർച്ചിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പദ്ധതിയുടെ പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങുകയാണ്.

പാർക്കിങ്‌ ഏരിയ, ശൗചാലയം, മരത്തിന് ചുറ്റുമുള്ള ഇരിപ്പിടങ്ങൾ, വ്യൂ ടവർ, കുടിവെള്ളം സൗകര്യം, വൈദ്യുതീകരണം, പെയിന്റിങ്‌, ടൈൽ പ്രവൃത്തികൾ തുടങ്ങിയവ പൂർത്തീകരിക്കാനുണ്ട്. കുത്തനെയുള്ള കയറ്റം കയറിയാണ് ടൂറിസം കേന്ദ്രത്തിലേക്ക് എത്തേണ്ടത്. ഇവിടേക്ക് നല്ല റോഡ് സൗകര്യവും ഒരുക്കിയാലേ യാത്രക്കാർക്ക് എത്തിപ്പെടാൻ പറ്റൂ. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരണം നടത്തുന്നതും പരിഗണനയിലാണ്. എരപ്പാൻ തോട് റോഡിൽനിന്ന് നമ്പിക്കുളത്തേക്ക് എത്താൻ അഞ്ചുകിലോമീറ്ററോളം ദൂരമുണ്ട്. 1.8 കിലോമീറ്റർ പഞ്ചായത്ത് റോഡുണ്ട്. 500 മീറ്റർ തൊഴിലുറപ്പ് പദ്ധതിയിൽ നേരത്തെ നവീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന ദൂരത്തെ പാതയാണ് നന്നാക്കാനുള്ളത്.

Advertisements

കൂരാച്ചുണ്ട്, പനങ്ങാട് കോട്ടൂർ പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന പ്രദേശമാണിത്. സമുദ്രനിരപ്പിൽനിന്ന്‌ 2500 അടിയോളം ഉയരത്തിലുള്ള നമ്പികുളത്തെത്തിയാൽ താഴ്‌വാരത്തിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനാകും. കാപ്പാട് ബീച്ച്, ധർമടം തുരുത്ത്, വെള്ളിയാങ്കല്ല്, വയനാടൻ മലനിരകൾ എന്നിവയെല്ലാം ഇവിടെനിന്നുള്ള വിദൂര കാഴ്ചകളാണ്. അവലോകന യോഗത്തിൽ കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, ഡി.ടി.പി.സി. സെക്രട്ടറി നിഖിൽ ദാസ്, ടൂറിസം കമ്മിറ്റി കൺവീനർ സോണി പുന്നമറ്റത്തിൽ കെൽ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രവൃത്തിയുടെ കാര്യങ്ങൾ വിലയിരുത്താൻ എം.എൽ.എ., കളക്ടർ, ജനപ്രതിനിധികൾ എന്നിവർ അടുത്തുതന്നെ സ്ഥലം സന്ദർശിക്കും.