നഗ്നഭാരതം; അപമാനഭാരത്താൽ തലകുമ്പിട്ട് രാജ്യം

ന്യൂഡൽഹി: മണിപ്പുരിലെ കുക്കി വംശജരായ മൂന്ന് സ്‌ത്രീകളെ കലാപകാരികൾ ലൈംഗികമായി പീഡിപ്പിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നതോടെ അപമാനഭാരത്താൽ തലകുമ്പിട്ട് രാജ്യം. ബിജെപി ഭരണത്തിൽ മണിപ്പുരിലെ പെൺകുട്ടികൾ നിഷ്‌ഠുരമായി വേട്ടയാടപ്പെടുകയാണെന്ന് വ്യക്തമായതോടെ വ്യാപക രോഷവും പ്രതിഷേധവും ഉയർന്നു.

രണ്ടര മാസമായി അരക്ഷിതമായ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം തുടരുന്നതാണ് കൊടിയ പീഡന സംഭവങ്ങൾ ഇനിയും പുറത്തുവരാത്തതിന് പിന്നിലെന്നത് നടുക്കം വർധിപ്പിക്കുന്നു. സംഭവത്തിൽ മെയ് 18ന് കേസെടുത്തെങ്കിലും വീഡിയോ പുറത്തുവരുന്നതുവരെ തുടരന്വേഷണമോ, അറസ്‌റ്റോ ഉണ്ടായില്ലെന്നത് രാജ്യമനഃസാക്ഷിയെ അതിലേറെ ഞെട്ടിച്ചു.


കലാപത്തിനിടെ ബലാത്സംഗങ്ങൾ നടക്കുന്നതായി കുക്കി സംഘടനകൾ ആഴ്‌ചകളായി പരാതിപ്പെടുന്നുണ്ടെങ്കിലും ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് രാജ്യത്തിന്റെ മനഃസാക്ഷി ഉണർന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രമുഖർ അടക്കം ദശലക്ഷങ്ങൾ അമർഷവും ദുഃഖവും രേഖപ്പെടുത്തി. കാങ്‌കോപി ജില്ലയിൽ മൂന്ന് കുക്കി വനിതകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗിക ആക്രമണങ്ങൾക്ക് വിധേയരാക്കുകയും ചെയ്‌തത് മെയ് നാലിനാണെന്ന് സർക്കാർ പ്രതികരിച്ചപ്പോൾ ഇത്രയും കാലം അക്രമികൾ സംരക്ഷിക്കപ്പെട്ടതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു.


ഹീനമായ സംഭവത്തിൽ പൊലീസിന്റെ പങ്ക് വ്യക്തമാക്കുന്ന വെളിപ്പെടുത്തലും അതിജീവിതകളിൽ ഒരാൾ നടത്തി. പ്രതികളിൽ രണ്ടുപേർ അറസ്‌റ്റിലായിട്ടുണ്ടെന്നും സമാനമായ നൂറുകണക്കിന് സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ബിരേൻസിങ് ടെലിവിഷൻ ചാനലിനോട് പറഞ്ഞു. അതിക്രമം നടന്ന 77 ദിവസങ്ങൾക്കുശേഷം വീഡിയോ പുറത്തുവന്ന് പ്രതിഷേധം ഉയർന്നതോടെയിരുന്നു അറസ്‌റ്റ്. നാല് പേർ അറസ്റ്റിലായി.

കലാപത്തിനിടെ ഉണ്ടായ ലൈംഗിക അതിക്രമത്തിന്റെയും അവഹേളനത്തിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അവ നീക്കം ചെയ്യണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. വിദേശങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ രാജ്യത്തിനും കേന്ദ്ര സർക്കാരിനും ബിജെപിക്കും അങ്ങേയറ്റം നാണക്കേടായി. ഈ വിഷയത്തിൽ മൺസൂൺകാല സമ്മേളനത്തിന്റെ ആദ്യനാളിൽ പാർലമെന്റ് നടപടികൾ സ്‌തംഭിച്ചു. പുറത്തുവന്ന ദൃശ്യത്തിന്റെ പേരിൽ പാർലമെന്റ് മന്ദിരത്തിനുപുറത്ത് വേദനയും ദു:ഖവും അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയെ അഭിമുഖീകരിക്കാൻ തയ്യാറായില്ല.
ഇടപെടേണ്ടിവരും: സുപ്രീംകോടതി
മണിപ്പുരിൽ മൂന്ന് സ്‌ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ആ ദൃശ്യങ്ങൾ ആഴത്തിൽ അസ്വസ്ഥരാക്കിയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വ്യാഴാഴ്‌ച പകൽ കോടതി നടപടികൾ തുടങ്ങിയ ഉടനെ ചീഫ്‌ജസ്റ്റിസ് മണിപ്പുർ വിഷയത്തിലുള്ള കടുത്ത ആശങ്ക രേഖപ്പെടുത്തി.
സർക്കാർ ഉടൻ നടപടിയെടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിക്ക് രംഗത്തിറങ്ങേണ്ടിവരും. ഒരു രീതിയിലും അംഗീകരിക്കാനാകാത്ത കാര്യങ്ങളാണ് മണിപ്പുരിൽ നടക്കുന്നത്. വർഗീയസ്‌പർധ നിലനിൽക്കുന്ന ഒരു മേഖലയിൽ സ്‌ത്രീകളെ കൊടിയ അതിക്രമങ്ങൾക്ക് ഇരകളാക്കുന്നു. ഏറ്റവും ഗുരുതരമായ മനുഷ്യാവകാശലംഘനമാണിത് ചീഫ് ജസ്റ്റിസ് പറഞ്ഞു.
കേന്ദ്രസർക്കാരും മണിപ്പുർ സർക്കാരും പ്രശ്‌നപരിഹാരത്തിനും പുനഃരധിവാസത്തിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണം. കേസ് അടുത്തതായി പരിഗണിക്കുന്ന 28ന് മുമ്പ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കി മണിപ്പുർ ചീഫ്‌സെക്രട്ടറിയും കേന്ദ്ര ആഭ്യന്തരസെക്രട്ടറിയും സുപ്രീംകോടതിയിൽ സത്യവാങ്ങ്‌മൂലം ഫയൽ ചെയ്യണമെന്നും സുപ്രീംകോടതി പറഞ്ഞു. മണിപ്പുർ സംഘർഷവുമായി ബന്ധപ്പെട്ട ഹർജികൾ നിലവിൽ സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.
