ബിജെപിയുടെ വാലായി ഇ.ഡി മാറിയെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിയുടെ വാലായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കൊടകര കുഴൽപ്പണ കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇഡിയുടെ കുറ്റപത്രമെന്നും ഇഡിയെ പറ്റിയുള്ള അഭിപ്രായം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കുറ്റപത്രമെന്നും അദ്ദേഹം പറഞ്ഞു.

“പൊലീസ് തെളിവുകളുടെ പശ്ചാത്തലത്തിലാണ് കേസ് ഇ ഡി അന്വേഷണം ആവശ്യപ്പെട്ടത്. ബിജെപിക്കായി ചാർജ് ഷീറ്റ് മാറ്റിയെഴുതിയാണ് ഇ ഡി കോടതിയിൽ എത്തിച്ചത്. കോടി കണക്കിന് രൂപ ബിജെപി ഓഫീസിൽ എത്തിച്ചെന്ന് മുൻ ഓഫീസ് സെക്രട്ടറിയാണ് മൊഴി നൽകിയത്. എന്നാൽ ഇ ഡി തിരൂർ സതീഷിൽ നിന്ന് മൊഴി എടുത്തില്ല.”- അദ്ദേഹം പറഞ്ഞു.

സിപിഐഎം നേതാക്കളെയും പ്രവർത്തകരെയും കേസിൽ ഇഡി വേട്ടയാടിയെന്ന് അദ്ദേഹം ആരോപിച്ചു.കാരണമെന്നുമില്ലാതെ അരവിന്ദാക്ഷനെ ജയിലിൽ കിടത്തി പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടി.സംസ്ഥാന കമ്മിറ്റിയുടെ അക്കൌണ്ട് പോലും മരവിപ്പിച്ചു. ബിജെപി നേതാക്കളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടത്തിയത്.എന്നാൽ ജനങ്ങളുടെ മുമ്പിൽ പരിഹാസ്യമായ അവസ്ഥയാണ് ഇഡി ഇപ്പോൾ നേരിടുന്നത്. ഇത്തരം പ്രവർത്തികൾ പൊതുസമൂഹത്തിൽ ചോദ്യംചെയ്യും. നടപടികൾക്കെതിരായ പ്രതിഷേധം സംഘടപ്പിക്കുമെന്നും 29ന് കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് പ്രതിഷേധ സംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

