‘മ്യൂസിയം ഓഫ് ദ് മൂൺ’ ഡിസംബർ 5-ന് കനകക്കുന്നിൽ
തിരുവനന്തപുരം: ‘മ്യൂസിയം ഓഫ് ദ് മൂൺ’ ഡിസംബർ 5-ന് കനകക്കുന്നിൽ. ബ്രിട്ടീഷ് ഇൻസ്റ്റലേഷൻ കലാകാരൻ ലൂക്ക് ജെറാമിന്റെ ‘മ്യൂസിയം ഓഫ് ദ് മൂൺ’ തിരുവനന്തപുരത്ത് പ്രദർശിപ്പിക്കും. ചന്ദ്രന്റെ കിറുകൃത്യം മാതൃക ഗോളവും, ചന്ദ്രന്റെ അനവധി ഫോട്ടോകളും ചേർന്നതാണ് പ്രദർശനം. ഡിസംബർ 5-ന് വൈകിട്ട് 7 മുതൽ പുലർച്ചെ 4 വരെ കനകക്കുന്നിലാണ് പ്രദർശനം.

ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരള (GSFK) എന്ന വൈജ്ഞാനികമഹാമേളയുടെ പ്രചാരണാർത്ഥമാണ് ചന്ദ്രൻ കനകക്കുന്നിൽ എത്തുന്നത്. അങ്ങകലെ നില്ക്കുന്ന ചന്ദ്രനെ പരന്ന തളികപോലെമാത്രം കണ്ടിട്ടുള്ളവരാണു നാം. ടെലിസ്കോപ്പിലൂടെ നോക്കാൻ അവസരം കിട്ടിയിട്ടുള്ളവർക്കും അതിനെ കുറിച്ച് അടുത്തും വലുതായും കാണാമെന്നല്ലാതെ ഗോളാകാരത്തിൽ കാണുന്ന അനുഭവം കിട്ടില്ല.

എന്നാൽ, തനിരൂപത്തിൽ ഗോളമായി തൊട്ടടുത്തു കാണാനുള്ള അവസരമാണ് മ്യൂസിയം ഓഫ് ദ് മൂൺ ഒരുക്കുന്നത്. ഏകദേശം 40 അടി അടുത്ത്, മൂന്നു നിലക്കെട്ടിടത്തിന്റെമാത്രം ഉയരത്തിൽ ചന്ദ്രൻ അങ്ങനെ നില്ക്കും. വേണമെങ്കിൽ ചന്ദ്രനുമായി ഒരു സെൽഫിയും എടുക്കാം. നാസയിൽനിന്നുള്ള ഒറിജിനൽ ചിത്രങ്ങൾ ഏകദേശം അഞ്ചുലക്ഷത്തിൽ ഒരംശത്തിലേക്കു ചെറുതാക്കി കൂട്ടിയിണക്കിയാണ് ഈ കുഞ്ഞുചന്ദ്രന്റെ ഉപരിതലം ഉണ്ടാക്കിയിട്ടുള്ളത്.

എന്നുവച്ചാൽ, കുഞ്ഞുചന്ദ്രനിലെ ഓരോ സെന്റീമീറ്ററിലും നാം കാണുന്നത് 5 കിലോമീറ്റർ ചന്ദ്രോപരിതലം. മറ്റൊരു പ്രത്യേകതകൂടിയുണ്ട് ഈ കാഴ്ചയ്ക്ക്. ഭൂമിയിൽനിന്ന് മനുഷ്യർക്ക് ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാനാവൂ. മറുവശം ഒരിക്കലും കാണാനാവില്ല. എന്നാൽ, ആ കാണാപ്പുറവും ഈ ചന്ദ്രൻകുട്ടി നമുക്കു കാട്ടിത്തരും.

