KOYILANDY DIARY

The Perfect News Portal

ബംഗാളിലെ മുർഷിദാബാദ് വീണ്ടും ചുവക്കും

ഫലഭൂയിഷ്ഠമാണ് മുർഷിദാബാദിലെ റാണിനഗർ. നെല്ലും ചണവും വിളയുന്ന പാടങ്ങൾ. പറമ്പുകളിലെങ്ങും പ്ലാവും മാവും വാഴയും മുരിങ്ങയും. രാഷ്ട്രീയമായും ഉണർവുള്ള മേഖലയാണിത്. ഗ്രാമങ്ങളിലെ വീട്ടുചുവരുകളിൽ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ കൂടുതലും അരിവാൾ ചുറ്റിക നക്ഷത്രം. മുർഷിദാബാദിലെ ഇടതുമുന്നണി സ്ഥാനാർഥി സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലിമാണ്‌. രാവിലെ എട്ടരയോടെ മക്കടപ്പാഡ ഗ്രാമത്തിൽ ഗ്രാമത്തിൽ സലിം എത്തിയപ്പോൾ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനുപേർ സ്വീകരിക്കാനെത്തി.

ഹാരാർപ്പണത്തിനുശേഷം ചുരുക്കം വാക്കുകളിൽ നന്ദി പറഞ്ഞ സലിം, സമീപത്തെ വീടുകളുടെ മുന്നിലെത്തി വയോധികരായ അമ്മമാരോട്‌ ക്ഷേമാന്വേഷണം നടത്തി. മുന്നോട്ടുനീങ്ങിയ വാഹനവ്യൂഹത്തിൽ ഇരുചക്രവാഹനങ്ങളും ഇലക്ട്രിക് ഓട്ടോകളും. ഗ്രാമീണ റോഡുകളുടെ ഇരുവശത്തുനിന്നും കൈവീശിയും പുഷ്പങ്ങൾ വർഷിച്ചും സ്നേഹാശംസകൾ. നിശ്ചിത സ്വീകരണകേന്ദ്രങ്ങൾക്കുപുറമെ ഇടറോഡുകളിൽ ബൈക്കിനുപിന്നിലിരുന്ന്‌ സഞ്ചരിച്ച് സലിം ഗ്രാമവാസികളെ അഭിവാദ്യം ചെയ്തു. ലോക്‌സഭാംഗമായും രാജ്യസഭാംഗമായും തിളങ്ങിയ, മുൻ സംസ്ഥാന മന്ത്രികൂടിയായ സലിം.

Advertisements

ഏവർക്കും സുപരിചിതൻ. ഡിവൈഎഫ്ഐ നേതാവായിരുന്ന കാലംമുതൽ സലിം നടത്തിയ പോരാട്ടങ്ങൾക്കും ഈ നാട് സാക്ഷി. ഗ്രാമങ്ങൾ പിന്നിട്ട്‌ പട്ടണത്തിലേക്ക്‌ എത്തിയപ്പോൾ പര്യടനം പലപ്പോഴും വൻ ഘോഷയാത്രയായി. വാദ്യസംഘങ്ങൾ അകമ്പടി. സൈക്കിളുകളിലും കാൽനടയായും പ്രവർത്തകർ സഞ്ചരിച്ചു. വഴിനീളെ സ്വീകരണം ഏറ്റുവാങ്ങേണ്ടിവന്നതിനാൽ നിശ്ചയിച്ചതിലും വൈകി പര്യടനം നീങ്ങുമ്പോഴും ജനങ്ങൾ കാത്തുനിന്നു.

Advertisements

ചെറിയ മറുപടി പ്രസംഗങ്ങളിൽ സലിം ബിജെപിയെയും തൃണമൂലിനെയും തുറന്നുകാട്ടുമ്പോൾ നിലയ്ക്കാത്ത കൈയടി. ബംഗാളിൽനിന്ന് ചെങ്കൊടി തൂത്തെറിയണമെന്ന് ആഹ്വാനംചെയ്തവർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിട കർഷകരും തൊഴിലാളികളും ഭൂരിപക്ഷമായ മുർഷിദാബാദിൽ 2014ൽ സിപിഐ എമ്മിലെ ബദറു ദോസ ഖാനാണ് ജയിച്ചത്. കഴിഞ്ഞതവണ തൃണമൂലിലെ അബു താഹിർ ഖാൻ ജയിച്ചു.

ഇത്തവണയും താഹിർ ഖാനാണ് സ്ഥാനാർഥി. ഗൗരി ശങ്കർ ഘോഷാണ് ബിജെപി സ്ഥാനാർഥി. കോൺഗ്രസും ഇടതുമുന്നണി സ്ഥാനാർഥിയെ പിന്തുണയ്‌ക്കുകയാണ്. ജനസാന്ദ്രതയിൽ മുന്നിൽ നിൽക്കുന്ന മുർഷിദാബാദിൽ 15 ലക്ഷത്തിൽപ്പരം വോട്ടർമാരുണ്ട്. ദേശീയപ്രസ്ഥാനത്തിൽ അവിസ്മരണീയ പങ്കുവഹിച്ച മുർഷിദാബാദ് മതനിരപേക്ഷതയും പോരാട്ടവീറും കാത്തുസൂക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.