KOYILANDY DIARY.COM

The Perfect News Portal

ആലുവയില്‍ അഞ്ചു വയസ്സുകാരിയുടെ കൊലപാതകം; കേസിൻറെ കുറ്റപത്രം അന്വേഷക സംഘം ഇന്ന് സമര്‍പ്പിച്ചു

കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൻറെ കുറ്റപത്രം അന്വേഷക സംഘം ഇന്ന് സമര്‍പ്പിച്ചു. ജില്ലാ പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 99 സാക്ഷികളുണ്ട്. അസ്ഫാക്ക് ആലം മാത്രമാണ് കേസില്‍ പ്രതി. കുട്ടിയുടെ ഉടുപ്പ്, ചെരിപ്പ്, പ്രതിയുടെ ഉടുപ്പ്, ചെരിപ്പ് തുടങ്ങിയ 75 തൊണ്ടി വസ്തുക്കള്‍ തെളിവുകളായി സമര്‍പ്പിച്ചിട്ടുണ്ട്.

ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടുത്തിയ പഴുതടച്ച കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. എണ്ണൂറോളം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 150 രേഖകളുണ്ട്. ഇതിന്  പുറമേ നൂറ് മെഡിക്കല്‍ രേഖകളും സമര്‍പ്പിച്ചു.
തൊണ്ണൂറ് ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് റൂറല്‍ എസ്പി വിവേക് കുമാര്‍ പറഞ്ഞു.

 

അഡ്വ. ജി മോഹന്‍രാജാണ് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍. പ്രതി അസ്ഫാക് ആലത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് ബിഹാറിലേയ്ക്കും ഡല്‍ഹിയിലേയ്ക്കും പ്രത്യേക സംഘത്തിനെ അയച്ചിരുന്നു. പ്രതി അസ്ഫാക് ആലത്തിൻറെ പോക്‌സോ കേസിലെ എല്ലാ രേഖകളും അന്വേഷക സംഘത്തിന് ലഭിച്ചു.

Advertisements

 2018ല്‍ ഗാസിപുര്‍ ഡയറി ഫാം പൊലീസ് സ്‌റ്റേഷനില്‍ അസ്ഫാക്കിനെതിരെ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് രേഖകള്‍ ഗാസിപുര്‍ കോടതിയില്‍ നിന്നാണ് ശേഖരിച്ചത്. ഈ കേസിൻറെ എഫ്‌ഐആറും സമര്‍പ്പിച്ചിട്ടുണ്ട്. ഈ കേസില്‍ ഒരു മാസത്തെ തടവിന് ശേഷം ജാമ്യത്തിലിറങ്ങിയ അസ്ഫാക്ക് നാടുവിടുകയായിരുന്നു. തുടര്‍ന്നാണ് ഈ കേസില്‍ ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്. അസ്ഫാകിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിൻറെ ഗാസിപുര്‍ കോടതി രേഖകളും സമര്‍പ്പിച്ചു.

ബിഹാറിലെത്തിയ അന്വേഷക സംഘം അസ്ഫാക്കിൻറെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സ്ഥിരം പ്രശ്‌നക്കാരനായതിനാല്‍ ഇയാളെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നതായുള്ള ബന്ധുക്കളുടെ മൊഴിയും ലഭിച്ചിട്ടുണ്ട്. കൊലപാതകം നടന്ന ആലുവ മാര്‍ക്കറ്റിനു പിന്നിലുള്ള സ്ഥലത്ത് ഫൊറന്‍സിക് വിദഗ്ധര്‍ അടങ്ങുന്ന സംഘം രണ്ട് തവണ വിശദ പരിശോധന നടത്തിയാണ് നിര്‍ണ്ണായക തെളിവുകള്‍ ശേഖരിച്ചത്. പ്രതി ആലുവ മാര്‍ക്കറ്റിനുള്ളിലേയ്ക്ക് അഞ്ച് വയസ്സുകാരിയുമായി കയറി പോകുന്നതിൻറെയും ഒറ്റയ്ക്ക് തിരികെ പോകുന്നതിൻറെയും സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.
 

 

Share news