മാന്നാറിലെ കൊലപാതകം; കൂടുതൽ പ്രതികൾ ഉണ്ടെന്നു കലയുടെ സഹോദരൻ അനിൽകുമാർ

മാന്നാറിലെ കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്നു കലയുടെ സഹോദരൻ അനിൽകുമാർ. പ്രതിയായ അനിലിന്റെ കുടുംബത്തിനും കേസിൽ പങ്കുണ്ട്. അനിലിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും പൊലീസ് ചോദ്യം ചെയ്യണം എന്നും സഹോദരൻ പറഞ്ഞു. കേസിൽ സാക്ഷിയായ സുരേഷിനും കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്നു. കൊലപാതകം അറിഞ്ഞിട്ട് ഇത്രയും വർഷം എന്തിനു സുരേഷ് മറച്ചു വെച്ചു എന്നും സഹോദരൻ ചോദിച്ചു.

പൊലീസ് അന്വേഷണത്തിൽ വിശ്വാസം ഉണ്ട് എന്നും സഹോദരൻ പറഞ്ഞു. അതേസമയം മാന്നാറിലെ കലയുടെ കൊലപാതകം ദൃശ്യം മോഡൽ എന്ന് സംശയിക്കുന്നു. മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയതായി സംശയം ഉണ്ട് എന്നും പൊലീസ് പറഞ്ഞു. കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്നും സംശയമുണ്ട്. സെപ്ടിക് ടാങ്കിൽ മറവ് ചെയ്തുവെന്ന് ഒരാൾ മാത്രമാണ് മൊഴി നൽകിയത്.

മൃതദേഹം എവിടെയാണെന്ന് അറിയാവുന്നയാൾ അനിൽകുമാർ മാത്രം ആണ്. മേസ്തിരി പണിക്കാരൻ ആയതുകൊണ്ട് തന്നെ അനിൽകുമാറിന് മൃതദേഹം വിദഗ്ധമായി മറവു ചെയ്യാൻ സാധിക്കുമെന്നും പൊലീസ് പറഞ്ഞു. മറ്റിടങ്ങളിലും പോലീസ് പരിശോധന നടത്തിയേക്കും. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ കോടതിക്ക് കൈമാറി. ആദ്യം തീരുമാനിച്ചത് ആറ്റിൽ കളയാൻ ആയിരുന്നു. ഇതിനായാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് കാറിൽ മൃതദേഹം എത്തിച്ചത് എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതിനാൽ ആറ്റിലുപേക്ഷിക്കാത്തത്.

