KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരിലെ കൊലപാതകം; ഗൃഹനാഥനെ വെടിവെച്ച് കൊന്നതിന് പിന്നിൽ വ്യക്തി വൈരാഗ്യം

കണ്ണൂർ കൈതപ്രത്ത് ഗൃഹനാഥനെ വെടിവെച്ച് കൊന്നതിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പൊലീസ്. പ്രതി ഉപയോഗിച്ച തോക്ക് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാൾ പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറൻസിക് സംഘവും പരിശോധന നടത്തി.

 

കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദത്തിന് തടസമായതിനാലാണ് കൊല ചെയ്തതെന്നാണ് പൊലീസ് എഫ് ഐ ആർ. മുൻകൂട്ടി ആസൂത്രണം ചെയ്താണ് കൃത്യം നടത്തിയതെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പ്രതി ഉപയോഗിച്ച തോക്ക് ലൈസൻസ് ഉള്ളതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും കണ്ണൂർ റൂറൽ എസ് പി അനൂജ് പലിവാൾ പറഞ്ഞു.

 

രാധാകൃഷ്‌ന്റെ നിർമ്മാണം നടക്കുന്ന വീട്ടിലെത്തിയാണ് പ്രതി സന്തോഷ് വെടി ഉതിർത്തത്. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറൻസിക് സംഘവും പരിശോധന നടത്തി. മണം പിടിച്ച് ഓടിയ പൊലീസ് നായ സംഭവ സ്ഥലത്ത് നിന്നും അരക്കിലോമീറ്റർ മാറിയുള്ള പുഴയോരത്ത് എത്തി നിന്നു. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും പ്രതി സന്തോഷും സ്‌കൂളിൽ സഹപാഠികളായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രാധാകൃഷ്ണൻ ബിജെപിയുടെ സജീവ പ്രവർത്തകനും ഭാര്യ ബിജെപി ജില്ലാ കമ്മറ്റി അംഗവുമാണ്.

Advertisements
Share news