കലൂർ സ്റ്റേഡിയം അപകടത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു

കലൂർ സ്റ്റേഡിയം അപകടത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. കലൂർ ഹെൽത്ത് സർക്കിളിലെ എം എൻ നിതയെ ആണ് സസ്പെൻഡ് ചെയ്തത്. കൊച്ചി നഗരസഭയുടെ റവന്യൂ, ഹെൽത്ത്, എൻജിനീയറിങ് വിഭാഗങ്ങൾക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും. അതേസമയം കൊച്ചി കലൂരിലെ ഡാൻസ് പരിപാടിയിലെ പണം ഇടപാടിൽ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318(4), 3 (5) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മൃദംഗ വിഷൻ എം ഡി നികോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹിം, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണ്ണിമ, നികോഷിൻ്റെ ഭാര്യ എന്നിവരാണ് കേസിലെ പ്രതികൾ. അതേസമയം മൃദംഗ വിഷൻ നൃത്തപരിപാടിയിലെ പണപിരിവിൽ പൊലീസ് മാതാപിതാക്കളുടെ മൊഴിയെടുത്തു. എറണാകുളം അസി. കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളെ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ ബാലാവകാശ കമ്മീഷൻ നേരത്തേ കേസെടുത്തിരുന്നു.

