KOYILANDY DIARY.COM

The Perfect News Portal

വാഴ കൃഷിക്ക് വെല്ലുവിളി ഉയർത്തി കമ്പിളി (ഇല തീനി) പുഴു ശല്യത്തിനെതിരെ മൂടാടി ഗ്രാമ പഞ്ചായത്ത് രംഗത്ത്

മൂടാടി: വാഴ കൃഷിക്ക് വെല്ലുവിളി ഉയർത്തുന്ന കമ്പിളി (ഇല തീനി) പുഴു ശല്യത്തിനെതിരെ മൂടാടി ഗ്രാമ പഞ്ചായത്ത് രംഗത്ത്. പുഴു ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കീടനാശിനി പ്രയോഗം ആവശ്യമുള്ളവർക്ക് മൂടാടി കൃഷിഭവൻ കാർഷിക കർമ്മ സേനയിലെ പരിശീലനം ലഭിച്ച ടെക്നീഷ്യന്മാരുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ പറഞ്ഞു. വിളിക്കേണ്ട നമ്പർ: 9495892636,9745496317.
.
 
വിളനശീകരണം:
വാഴ, പച്ചക്കറി ഫലവൃക്ഷം തുടങ്ങിവയ്ക്ക് ഭീഷണിയായി ഇലതീനി പുഴു കമ്പിളിപ്പുഴു (ഹെയറി കാറ്റെർ പില്ലർസ്) വിഭാഗത്തിൽ പെട്ടവയാണ് തോട്ടങ്ങളിലെ കളകളിൽ പെറ്റുപെരുകി വിള നശിപ്പിക്കുന്നത്. ഇലയുടെ അടിവശത്ത് പറ്റിപ്പിടിച്ച് ഹരിതകം കാർന്ന് തിന്നുന്നതോടെ ഇവ കരിഞ്ഞുണങ്ങും. മുമ്പ് വാഴകളിൽ മാത്രമായിരുന്നു. കീടബാധ എങ്കിൽ ഇപ്പോൾ ചെണ്ടുമല്ലി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകളിലേക്കും പടരുന്നു. കള കൂടുതലുള്ള തോട്ടങ്ങളിലാണ് ശല്യം കൂടുതലായി കാണപ്പെടുന്നത്.
കൂട്ടമായി എത്തുന്ന ശലഭങ്ങൾ വാഴയിലയിൽ മുട്ടയിടും പുഴുവായി ഹരിതകം കാർന്നു തിന്നും. ആദ്യം കുട്ടമായി ആക്രമിക്കും പിന്നീട് ഒറ്റ തിരിഞ്ഞും ഇലകളിലേക്ക് ചേക്കേറും, ഇത്‌വീണ്ടും ശലഭമായി മുട്ടയിടും. വേനൽക്കാലത്ത് ശല്യം കുറയുമെങ്കിലും ജലസേചനം നടത്തുന്ന തോട്ടങ്ങളിലും തണുപ്പുള്ള സ്ഥലങ്ങളിലും തുടരും ഇലകളിൽ പൊള്ളൽ പോലെ കാണുമ്പോൾ തന്നെ പുഴുക്കളെ നശിപ്പിച്ചാൽ പടരുന്നത് തടയാം.
.
നിയന്ത്രണമാർഗ്ഗങ്ങൾ
  • 1. കളകൾ നീക്കം ചെയ്‌ത്‌ തോട്ടം വൃത്തിയായി സൂക്ഷിക്കുക
  • 2. കീടബാധയുള്ള ഇലകൾ പറിച്ചെടുത്തോ, പുഴുക്കളെ കൂട്ടമായി കാണുന്ന ഇലഭാഗം മുറിച്ചെടുത്തോ നശിപ്പിക്കുക
  • 3. ആദ്യഘട്ടത്തിൽ മിത്ര ജീവാണുക്കളായ ബ്യൂവേറിയ ബാസ്സിയാന 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയത്, ബാസ്സിലസ് തുറിഞ്ചിയൻസിസ് 3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലകളുടെ മുകളിലും അടിയിലും ഇലക്കവിളുകളിലും തളിക്കുക.
  • 4. ജൈവകീടനാശിനികളായ നന്മ, ശ്രേയ എന്നിവയിലൊന്ന് 10 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലകളുടെ രണ്ടു വശങ്ങളിലുമായി തളിക്കുക.
  • 5. ജൈവ കീടനാശിനിയായ ഗോമൂത്രം കാന്താരി മിശ്രിതം പുഴുക്കളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്. ഒരു ലിറ്റർഗോമൂത്രത്തിൽ 20 ഗ്രാം കാന്താരിമുളക് അരച്ചത് ചേർത്തിളക്കി, സോപ്പ് ലായനിയും 10 ലിറ്റർ വെള്ളവും ചേർത്ത് നേർപ്പിച്ച് അരിച്ചെടുത്ത് ഇലകളിൽ തളിക്കുക. തളിക്കുമ്പോൾ മാസ്ക‌് ധരിക്കാൻ ശ്രദ്ധിക്കണം.
  • 6. കീടാക്രമണം രൂക്ഷമായാൽ രാസകീടനാശിനികളായ ക്ലൊറാൻട്രൈനിപ്പോൾ 18.5 SC (കൊറാജൻ എന്ന പേരിൽ ലഭ്യമാണ്) 3 മില്ലി 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിലും, Flubendamide 39.35 SC (Fame എന്ന പേരിൽ ലഭ്യമാണ്) 2 മില്ലി 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയത്, ക്യുനാൽഫോസ് (എക്കാലക്സ് എന്ന പേരിൽ ലഭ്യമാണ്) 2 മുതൽ 4 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയതോ സ്പ്രേയർ ഉപയോഗിച്ച് തളിച്ചു കൊടുക്കാം.
  • 7. ജൈവ രാസ കീടനാശിനികൾ ഇലകളുടെ ഇരുവശത്തും, ഇലക്കവിളിലും, ചുവട്ടിലും നൽകണം
Share news