തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം: സംസ്ഥാനത്ത് ഇന്ന് തൊഴിലാളികളുടെ പ്രതിഷേധ മാർച്ച്
.
ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കി തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ലോക്ഭവനിലേക്ക് നടത്തുന്ന കേന്ദ്ര മാർച്ചും ധർണ്ണയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

തലസ്ഥാനത്തെ പ്രതിഷേധത്തിന് പുറമെ, മറ്റെല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് പ്രക്ഷോഭ പരിപാടികൾ അരങ്ങേറും. ദേശീയ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയുക, വിവാദമായ ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നതും വേതനം കൃത്യമായി നൽകാത്തതും പദ്ധതിയെ ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് യൂണിയൻ ആരോപിച്ചു. സംസ്ഥാനത്തെ ആയിരക്കണക്കിന് തൊഴിലാളികൾ വിവിധയിടങ്ങളിലെ പ്രതിഷേധ മാർച്ചിന്റെ ഭാഗമാകും.




