ജനറേറ്റീവ് എഐയെ ജനാധിപത്യവൽക്കരിക്കുക എന്നതാണ് ഏറ്റവും പ്രധാനം; ദിനേശ് നിർമൽ

കൊച്ചി: ജനറേറ്റീവ് എഐയെ ജനാധിപത്യവൽക്കരിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് ഐബിഎം സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമൽ. രാജ്യത്തെ ആദ്യ ജെൻ എഐ കോൺക്ലേവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെൻ എഐ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സാധാരണക്കാരിലേക്കും എത്തണം. മലയാളം സംസാരിക്കുന്ന മികച്ച ഒരു ലാർജ് ലാംഗ്വേജ് മോഡൽ (എഐ പ്രോഗ്രാം) ഇപ്പോൾ നിലവിലില്ല.

ഇത്തരമൊരു എഐ പ്രോഗ്രാം രൂപീകരിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ. ഇപ്പോഴുള്ളത് ചാറ്റ് ബേസ്‌ഡ് മാത്രമാണ്. കൂടുതൽ ആഴത്തിലുള്ള വിവരങ്ങൾ നൽകുന്ന മലയാളം ലാർജ് ലാംഗ്വേജ് മോഡൽ ഈ വർഷംതന്നെ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. പല രാജ്യങ്ങളിലും ആളുകൾ ജെൻ എഐയെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ, ഇത്തരമൊരു ജെൻ എഐ കോൺക്ലേവ് രാജ്യത്ത് ആദ്യമായി സംഘടിപ്പിച്ചത് കൊച്ചിയിലാണ്. ഇത് കേരളത്തിനും ഇന്ത്യക്കും ഏറെ അഭിമാനകരമാണ്.

സംസ്ഥാന സർക്കാർ നൽകിയ പിന്തുണയും സഹകരണവുമാണ് ഇത് സാധ്യമാക്കിയത്. ഇത്തരം കോൺക്ലേവുകൾ രാജ്യത്ത് കൂടുതൽ സംഘടിപ്പിക്കും. സെപ്‌തംബറിൽ മുംബൈയിൽ ഡെവലപ്പർ കോൺഫറൻസ് സംഘടിപ്പിക്കും. അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും എഐ ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ എഐ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളണം–- അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ ജെൻ എഐ
ഇന്നൊവേഷൻ സെന്റർ
ജെൻ എഐ ഇപ്പോഴും ശൈശവ ഘട്ടത്തിലാണ്. എന്നാൽ, ഈ മേഖലയിൽ അതിവേഗം മാറ്റം സംഭവിക്കുന്നു. കൊച്ചിയിൽ ഈ വർഷം ആരംഭിക്കുന്ന ഐബിഎമ്മിന്റെ ജെൻ എഐ ഇന്നൊവേഷൻ സെന്ററിന് ഈ അവസരത്തിൽ ഏറെ പ്രാധാന്യമുണ്ട്. എഐ മേഖലയിലെ ഓരോ സാങ്കേതികവിദ്യയ്‌ക്കും ഒരു അടിസ്ഥാന മാതൃകയുണ്ട്. ഇതിനെ നവീകരിച്ചാൽ പുതിയ വേർഷൻ (പതിപ്പ്) ആയിരിക്കും ലഭിക്കുക. നവീകരിക്കുംതോറും പുതിയ വേർഷനുകൾ സൃഷ്ടിക്കപ്പെടും. എന്നാൽ, ഒന്നിലധികം തവണ നവീകരിച്ചാലും ബേസ് മോഡൽ മാറാത്ത സംവിധാനമാകും ഇവിടെ സൃഷ്ടിക്കപ്പെടുക. ബേസ് മോഡൽ കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കും.

എഐയെ ജനാധിപത്യവൽക്കരിക്കുന്നതിനും ഗുണമേന്മയുള്ള ഡാറ്റ പ്രദാനം ചെയ്യുന്നതിനും സെന്റർ പ്രാധാന്യം നൽകും. നിരന്തരം മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ ഒരു സാങ്കേതികവിദ്യയിൽമാത്രം കേന്ദ്രീകരിച്ച് ഒരു എഐ ലാബിനും മുന്നോട്ടുപോകാനാകില്ല. കൊച്ചിയിൽ ഐബിഎം പ്രവർത്തനം തുടങ്ങിയിട്ട് രണ്ടുവർഷമായി. ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ സാധിച്ചു. ജെൻ എഐ പരിശീലനം ലഭിച്ച കൂടുതൽ പേർ കേരളത്തിലാണെന്നും ദിനേശ് നിർമൽ പറഞ്ഞു.
