KOYILANDY DIARY

The Perfect News Portal

ഓട്ടിസം ബാധിച്ചവർക്ക് ജോലി നൽകാൻ കൂടുതൽ സ്ഥാപനങ്ങൾ മുന്നോട്ട് വരണം; മന്ത്രി വി ശിവൻകുട്ടി

ഓട്ടിസം ബാധിച്ചവർക്ക് ജോലി നൽകാൻ കൂടുതൽ സ്ഥാപനങ്ങൾ മുന്നോട്ടു വരണമെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണ സ്ഥാപനമായ സി. എച്ച് മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച “പ്രതീക്ഷാ സംഗമം”, “അറിയാം-ഓട്ടിസം” എന്നീ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തികളെ സ്ക്രീനിംഗ് നടത്തി, അതില്‍ നിന്നും തെരഞ്ഞെടുത്ത 10 വ്യക്തികള്‍ക്ക് അനുയോജ്യമായ ജോലി നല്‍കുക വഴി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അവരെ എത്തിക്കുകയെന്നതാണ് പ്രതീക്ഷാ സംഗമത്തിന്റെ ലക്ഷ്യം. പ്രതീക്ഷാ സംഗമത്തിലൂടെ കണ്ടെത്തിയ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ ആദരിക്കുകയും ഇത്തരത്തില്‍ തൊഴില്‍ നല്‍കിയ തൊഴില്‍ ദാതാക്കളെ പ്രത്യേകമായി മന്ത്രി അനുമോദിക്കുകയുമുണ്ടായി. പാന്‍ മറൈന്‍ എക്സ്പ്രസ്സ് ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴില്‍ വരുന്ന ക്ലബ് മാര്‍ട്ട്, ക്ലബ് ഹൗസ്, അജ്വ ബിരിയാണി, കിന്‍ഫ്ര പാര്‍ക്കിന്റെ കീഴില്‍ ഗ്രീന്‍ റാപ്പ്, ടെക്നോപാര്‍ക്ക‍്, സഞ്ചി ബാഗ്സ്, ട്രിവാന്‍ഡ്രം ക്ലബ് എന്നീ സ്ഥാപനങ്ങളിലായി 14 പേർക്ക് പ്രതീക്ഷാ സംഗമത്തിലൂടെ ജോലി ലഭ്യമാക്കാന്‍ സാധിച്ചു.

Advertisements

ഓട്ടിസത്തെക്കുറിച്ച് അറിയുക എന്നത് ഇന്നത്തെ കാലഘട്ടത്തില്‍ ‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഓരോ ദിനവും ഓട്ടിസവുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടി വരുന്നു. ഓട്ടിസം എങ്ങനെ കൈകാര്യം ചെയ്യണമെന്നും ആയതിനുള്ള പുതിയ അദ്ധ്യാപന രീതികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും സര്‍വ്വ ശിക്ഷാ കേരള (SSK) -യുടെ കീഴില്‍‍ ജോലി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്പെഷ്യല്‍ എഡ്യൂക്കേറ്റേഴ്സ്, ഓട്ടിസം ട്രെയിനേഴ്സ് എന്നിവർക്കു വേണ്ടി അദ്ധ്യാപന രീതികള്‍, പ്രവർത്തനങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം നല്‍കുക എന്ന ഉദ്ദേശത്തോടെ എസ്.ഐ.എം.സി സെമിനാര്‍ ഹാളില്‍ വച്ച് നടത്തുന്ന നാല് ദിവസത്തെ പരിശീലന പരിപാടിയാണ് അറിയാം-ഓട്ടിസം. ഗതാഗതവകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു.

Advertisements