KOYILANDY DIARY.COM

The Perfect News Portal

കേരളത്തിന് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണം: ഇടതുപക്ഷ എംപിമാർ കേന്ദ്ര ധനമന്ത്രിയെ കണ്ടു

ന്യൂഡൽഹി: കേരളത്തിന് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  ഇടതുപക്ഷ എംപിമാർ ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്‌ച നടത്തി. എളമരം കരീം, ബിനോയ്‌ വിശ്വം, ജോസ് കെ മാണി, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ എ  റഹീം, പി സന്തോഷ്‌കുമാർ എന്നിവരാണ് ധനമന്ത്രിയെ കണ്ടത്.

ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിലും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനം കാഴ്‌ചവെക്കുന്ന സംസ്ഥാനമാണ് കേരളം. സാമൂഹ്യ സുരക്ഷാ പെൻഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ,  ദാരിദ്ര്യ നിർമാർജനം, പൊതുവിപണിയിലെ വിലക്കയറ്റം തടയൽ എന്നീ  പ്രവർത്തനങ്ങളും സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരള സർക്കാർ മികച്ച രീതിയിലാണ് ഇടപെടുന്നത്.

കോവിഡ് ഉയർത്തിയ വെല്ലുവിളിയും ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതിനെതുടർന്ന് ഉടലെടുത്ത സാമ്പത്തിക ഞരുക്കവും കേന്ദ്ര ഗ്രാന്റുകളിൽ ഉണ്ടായ കുറവും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിൽ കേരളത്തിന്‌ പ്രത്യേകപരിഗണന നൽകി കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണമെന്ന്‌ എംപിമാർ ആവശ്യപ്പെട്ടു.

Advertisements

വിഷയത്തിന്റെ ഗൗരവം മനസിലാക്കിയിട്ടുണ്ടെന്നും കേരളത്തിന്‌ കൂടുതൽ സാമ്പത്തിക സഹായം നൽകുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നും ധനമന്ത്രി എംപിമാർക്ക് ഉറപ്പുനൽകി.

Share news