മൂടാടി വില്ലേജ് ഓഫീസ് വാടക കെട്ടിടത്തിൽ നിന്ന് സ്വന്തം കെട്ടിടത്തിലേക്കുള്ള യാത്രയിൽ
മൂടാടി വില്ലേജ് ഓഫീസ് വാടക കെട്ടിടത്തിൽ നിന്ന് സ്വന്തം കെട്ടിടത്തിലേക്കുള്ള യാത്രയിൽ.. സ്വന്തമായ ഒരു കെട്ടിടം എന്ന നാട്ടുകാരുടെ ചിരകാല സ്വപനം പൂവണിയുകയാണ്. കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവ്വഹിച്ചു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അദ്ധ്യക്ഷതവഹിച്ചു. നന്തിയിലെ മഹമൂദ് ഹാജി സൗജന്യമായി നൽകിയ 8.75 സെൻ്റ് സ്ഥലത്ത് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് ഇതിനായി 50 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്.

നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസ് സ്ഥലപരിമിതിമൂലം വീർപ്പ് മുട്ടുകയാണ്. കേരളത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുക എന്ന സംസ്ഥാന സർക്കാറിൻ്റെ പദ്ധതിയുടെ ഭാഗമായി എല്ലാ വില്ലേജ് ഓഫീസുകൾക്കും സ്വന്തം കെട്ടിടം എന്ന ലക്ഷ്യം മൂടാടിയിലും നടപ്പാവുകയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ജില്ലാപഞ്ചായത്ത് മെമ്പർമാരായ ശിവാനന്ദൻ എം.പി, ദുൽഖിഫർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ ജീവാനന്ദൻ, ചൈത്ര വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, മെമ്പർമാരായ സുഹറ ഖാദർ, എം.പി അഖില , ടി.കെ ഭാസ്കരൻ, പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ് വാര്യർ നന്ദി പറഞ്ഞു.
