ബസ്സുമായി കൂട്ടിയിടിച്ച് റോഡിൽ തെറിച്ചു വീണ യുവാവിന് രക്ഷകയായി തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട്
തിക്കോടി: ബസ്സുമായി കൂട്ടിയിടിച്ച് റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രികന് രക്ഷകയായി തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്. വടകര പുതുപ്പണം സ്വദേശിയായ കിരൺ ആണ് ഇന്നലെ തിക്കോടിയിൽ അപകടത്തിൽപ്പെട്ടിരുന്നത്. അപകടം നടന്ന ഉടനെ നാട്ടുകാരും ബസ്സിലുള്ളവരും ഓടികൂടി മറ്റു വാഹനങ്ങൾക്ക് കൈകാട്ടി നിർത്താൻ ശ്രമിച്ചെങ്കിലും ഒറ്റ വാഹനവും നിർത്താതെ പോകുകയായിരുന്നു. അതിനിടയിലാണ് അതുവഴി കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് റോഡിൽ കിടക്കുന്ന യുവാവിനെ കണ്ടത്.

യുവാവ് അപകടംപറ്റി കിടക്കുന്ന കാഴ്ചകണ്ട് നോക്കി നിൽക്കാതെ പ്രസിഡണ്ട് വാഹനം നിർത്തി പുറത്തേക്കിറങ്ങി നാട്ടുകാരോട് പരിക്കേറ്റ യുവാവിനെ വാഹനത്തിലേക്ക് കയറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഉടൻതന്നെ പരിക്കേറ്റ യുവാവുമായി പഞ്ചായത്ത് പ്രസിഡണ്ട് വാഹനം തിരിച്ച് കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് കുതിച്ചെത്തി യുവാവിനെ അവിടെ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷ ഉറപ്പ് വരുത്തുകയും ചെയ്തു.

കാര്യമായ പരിക്കുള്ളതിനെ തുടർന്ന് യുവാവിനെ മറ്റൊരു ആംബുലൻസിൽ കോഴിക്കോട് മെഡിക്ക്ൽകോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രസിഡണ്ട് തന്നെ ബന്ധുക്കളെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അറിയിച്ചതിനുശേഷമാണ് ആശുപത്രി വിട്ടത്.
