തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയതിന് മൂടാടി ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം

കൊയിലാണ്ടി: തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയതിന് മൂടാടി ഗ്രാമ പഞ്ചായത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം. കഴിഞ്ഞ വർഷവും മൂടാടിയ്ക്കായിരുന്നു ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയതാണ് മൂടാടിയെ വീണ്ടും പുരസ്കാരത്തിലേക്കെത്തിച്ചത്. 2023-24 വർഷത്തിൽ ആറു കോടി എൺപത്തിയാറു ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടത്തിയത്.

1627 പേർക്ക് നൂറ് ദിവസം പണി കിട്ടി. മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് പുറമേ (ഗാമചന്തകൾ, വർക് ഷെഡുകൾ, കയർഭൂവസ്ത്രം മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായി സോക്പിറ്റുകൾ, കമ്പോസ്റ്റ് പിറ്റുകൾ, അംഗനവാടികൾ, സ്കൂളുകൾ എന്നിവക്ക് മാലിന്യ സംസ്കരണ ഉപാധികൾ – കിണർ റിചാർജിംഗ് – സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാലിതൊഴുത്തുകൾ, ആട്ടിൻകൂട്, കോഴിക്കൂട്, അസോള ടാങ്ക്, തീറ്റ പുൽ കൃഷി എന്നിവയും നടപ്പിലാക്കി.

ജലസംരക്ഷണത്തിൻ്റെ ഭാഗമായി ചെക് ഡാമുകൾ – ജൈവ വൈവിധ്യസംരക്ഷണ പ്രവർത്തനങ്ങായ ഔഷധസസ്യകൃഷി, മുളവനം പദ്ധതി എന്നിവയും ലൈഫ് ഭവന പദ്ധതി കുടിവെളള കിണർ, കോൺക്രീറ്റ് റോഡുകളുടെ നിർമാണവും തരിശ് രഹിതമായ പഞ്ചായത്ത് എന്ന പദ്ധതിയും തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധ്യമാക്കാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു. വർഷത്തിൽ ചെയ്യേണ്ടുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് ഗ്രാമസഭകളിൽ ചർച്ച ചെയ്ത് വിശദമായ ആക്ഷൻ പ്ലാനുകൾ തയാറാക്കിയാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഭരണസമിതിയുടെയും തൊഴിലുറപ്പ് വിഭാഗം സാങ്കേതി ജീവനക്കാർ, മറ്റു ജീവനക്കാർ, തൊഴിലാളികൾ എന്നിവരുടെ ഒറ്റക്കെട്ടായ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്തിന് തുടർച്ചയായി പുരസ്കാരങ്ങൾ ലഭിക്കാൻ സഹായിച്ചതെന്ന് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അറിയിച്ചു.

