രാമക്ഷേത്രം ഉദ്ഘാടനത്തിൻ്റെ മറവിൽ മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ മറവിൽ ‘തെരഞ്ഞെടുപ്പ് പ്രചാരണം’ കൊഴുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി നിർമിച്ച മഹർഷി വാൽമീകി രാജ്യാന്തര വിമാനത്താവളവും നവീകരിച്ച ‘അയോധ്യ ധാം റെയിൽവേ സ്റ്റേഷ’നും ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തിയതെങ്കിലും രാമക്ഷേത്രത്തിന്റെ പേരിലുള്ള രാഷ്ട്രീയ പ്രചാരണമാണ് കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണം കണക്കെ റോഡ് ഷോ നടത്തിയാണ് മോദി മടങ്ങിയത്.

ക്ഷേത്രനിർമാണത്തിന്റെ ഖ്യാതിയാകെ മോദിയിൽ ചാർത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാവിലെ എക്സിൽ പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവച്ചു. നൂറ്റാണ്ടുകളായി രാമഭക്തർ ക്ഷമയോടെയും സംയമനത്തോടെയും കാത്തിരുന്നതിന് ഫലമുണ്ടായെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. വൻവാഹനവ്യൂഹത്തിന്റെ അകമ്പടിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രധാനമന്ത്രി രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനും ആറ് വന്ദേഭാരത് ട്രെയിനും ഉദ്ഘാടനം ചെയ്തു.


രാമവിഗ്രഹത്തിന് ‘സ്ഥിരം ഇരിപ്പിടം കിട്ടിയെന്ന്’ 15,600 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിൽ 11,000 കോടി രൂപയുടെയും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലായി 4600 കോടിയുടെയും പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. അയോധ്യയെ സ്മാർട്ട് സിറ്റിയായി ഉയർത്തുമെന്ന് വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.


ജനുവരി 22ന് രാമക്ഷേത്രം ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ടവർമാത്രം എത്തിയാൽ മതി. മറ്റുള്ളവർക്ക് പിറ്റേന്നുമുതൽ ഏതു ദിവസവും എത്താമെന്നും മോദി പറഞ്ഞു. വൈകിട്ട്, ഉജ്വല യോജന ഗുണഭോക്താവിന്റെ വീട് പ്രധാനമന്ത്രി സന്ദർശിച്ചു. രാവിലെ വിമാനത്താവളത്തിൽ ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി എന്നിവർ ചേർന്ന് മോദിയെ സ്വീകരിച്ചു.

