KOYILANDY DIARY.COM

The Perfect News Portal

മോദി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കളിപ്പാവ; എളമരം കരീം

കോഴിക്കോട്‌: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കളിപ്പാവയായെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു. ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ്‌. സാമ്രാജ്യത്വത്തിന്‌ കീഴടങ്ങലാണിത്‌.  ഇതിനെതിരെ മതനിരപേക്ഷ ശക്തികളാകെ അണിനിരക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. പൊരുതുന്ന പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചും ഇടതുപക്ഷ പാർടികൾ നടത്തിയ യുദ്ധവിരുദ്ധ റാലി കോഴിക്കോട്ട് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഹിറ്റ്‌ലറെപ്പോലെ വംശഹത്യ നടത്തുന്നു. രണ്ടാം ഹിറ്റ്‌ലറെന്ന വിശേഷണം അദ്ദേഹത്തിന്‌ അനുയോജ്യമാണ്‌. മാതൃരാജ്യത്തുനിന്ന്‌ ഒരു ജനതയെ ആട്ടിയോടിക്കുകയാണ്‌ ഇസ്രയേലും നെതന്യാഹുവും. പലസ്‌തീൻ ജനതയെ ചരിത്രത്തിൽനിന്ന്‌ തുടച്ചുനീക്കുകയാണ്‌ ലക്ഷ്യം. നിസ്സഹായരായ മനുഷ്യർ അഭയം തേടിയ ക്യാമ്പുകളടക്കം ബോംബിട്ട്‌ തകർത്തു.
മറ്റൊരു മഹായുദ്ധ ഭീതിയിലാണ്‌ ലോകം.ആഗോളതലത്തിൽ പ്രതിഷേധമുയരുമ്പോഴും ഇസ്രയേലിന്‌ അമേരിക്ക പൂർണ പിന്തുണ നൽകുന്നു. ഐക്യരാഷ്‌ട്ര സഭയ്‌ക്ക്‌ പുല്ലുവിലയാണ്‌ കൽപ്പിക്കുന്നത്‌. സ്വാതന്ത്ര്യം സ്വപ്നം കാണുന്ന അവസാനയാളും അവശേഷിക്കുംവരെ പലസ്‌തീൻ ജനത പോരാട്ടം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Share news