‘താനൂരിൽ നിന്നും കാണാതായ പെൺകുട്ടികൾ സുരക്ഷിതർ, കണ്ടെത്താൻ കഴിഞ്ഞതിൽ ആശ്വാസം’: എസ്പി

താനൂരിൽ നിന്നും കാണാതായ പെൺകുട്ടികൾ സുരക്ഷിതരെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ്. ബുധനാഴ്ച വൈകീട്ട് 6 മണിക്കാണ് കാണാതായ വിവരം കിട്ടിയതെന്നും ഫോൺ ട്രാക്ക് ചെയ്തത് അന്വേഷണത്തിൽ നിർണായകമായെന്നും മുംബൈ പോലീസ്, മലയാളം സമാജം എന്നിവർ നന്നായി സഹായിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“കുട്ടികളുമായി നാളെ ഉച്ചയ്ക്ക് മുന്നെ എത്തും. കുട്ടികൾ നടത്തിയത് സാഹസിക യാത്ര നിലയിലെ കാണാൻ ആകൂ. ഒപ്പം പോയ യുവാവിന്റേത് സഹായം എന്ന നിലക്ക് ആണ് ഇപ്പോൾ കാണുന്നത്. കുട്ടികൾ വന്നിട്ട് ബാക്കി കാര്യങ്ങൾ വിശദമായി ചോദിച്ചു അറിയാം.” അദ്ദേഹം പറഞ്ഞു. കുട്ടികൾക്കും രക്ഷിതാക്കൾക്കും കാര്യമായ കൗൺസലിങ് നൽകണമെന്നും കുട്ടികളെ സുരക്ഷിതമായി കണ്ടെത്താൻ കഴിഞ്ഞതിൽ ആശ്വാസമുണ്ടെന്നും കുട്ടികൾ വന്നാൽ ആദ്യം കോടതിയിൽ ഹാജരാക്കി, ശേഷം വിശദമൊഴി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

