താമരശ്ശേരിയിൽ നിന്ന് കാണാതായ 13 കാരനെ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി

താമരശ്ശേരിയിൽ നിന്ന് തിരുവോണനാളിൽ കാണാതായ 13 കാരൻ വിജിത്തിനെ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഉസലാംപെട്ടിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വിജിത്തിനെ വൈകിട്ടോടെ നാട്ടിൽ എത്തിക്കും. കോടഞ്ചേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന് നാലു സെന്‍റ് ഉന്നതിയിലെ വിനീത് – സജിത ദമ്പതികളുടെ മകൻ ആണ് വിജിത്ത് വിനീത്. കോടഞ്ചേരി പൊലീസ് വിജിത്തിനോടൊപ്പമുണ്ട്. വിജിത്തിനെ കണ്ടെത്തിയ വിവരം അന്വേഷണസംഘം വീട്ടുകാരെ അറിയിച്ചു.

കൂടത്തായി സെന്‍റേ മേരീസ് ഹയർ സെക്കന്‍ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ വിജിത്ത് തിരുവോണ ദിവസമാണ് വീട്ടിൽ നിന്നും പുറത്തു പോയത്. ഓണത്തിന്‍റെ അന്ന് രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങി കൂട്ടുകാർക്കൊപ്പം താമരശ്ശേരിയിൽ സിനിമക്ക് പോകുകയും, വൈകീട്ട് ഈങ്ങാപ്പുഴയിൽ പോകുകയും ചെയ്ത വിജിത്ത്, തിരിച്ച് വൈകീട്ട് 6 മണിയോടെ താമരശ്ശേരി ചുങ്കത്ത് എത്തി. രാത്രി 8 മണിക്ക് ഓമശ്ശേരി ബസ്റ്റ് സ്റ്റാന്‍റ് പരിസരത്ത് എത്തിയ കുട്ടിയെ പിന്നെ കാണാതാവുകയായിരുന്നു. പതിനൊന്ന് ദിവസമാണ് മാതാപിതാക്കൾ കുട്ടിക്കായി കാത്തിരുന്നത്.

