മഹാപ്രളയത്തിൽ കൈകളിലെത്തിയ കൈക്കുഞ്ഞ്; മിത്രയെ ചേർത്തു പിടിച്ച് മന്ത്രി വീണാ ജോർജ്
.
തിരുവനന്തപുരം: ‘മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടെ കൈകളിലെത്തിയ കൈക്കുഞ്ഞ്’ എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയിലെത്തിയ മിത്രമോളെ ചേർത്ത് പിടിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. 2018ലെ മഹാപ്രളയത്തിൽ എട്ട് ദിവസം മാത്രം പ്രായമുള്ള മിത്രയെ രക്ഷിച്ച് കൊണ്ടുവന്നത് അന്ന് ആറന്മുള എംഎൽഎയായിരുന്ന വീണാജോർജിൻ്റെ നേതൃത്വത്തിലായിരുന്നു. മിത്രയെ വീണ്ടും കണ്ടതിന്റെ സന്തോഷം മന്ത്രി ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു.

മിത്രക്കുട്ടി സ്കൂളിൽ ആദ്യമായി പഠിക്കാൻ എത്തുന്ന ദിവസം അതറിയാതെ തന്നെ സ്കൂളിലെ പ്രവേശനോത്സവത്തിനു പോയത് വിസ്മയമായിരുന്നെന്നും ഇടക്കുള്ള കൂടിക്കാഴ്ചകളും ചെറിയ വിസ്മയങ്ങളും ഒക്കെയായി ആ കുടുംബവുമായുള്ള ബന്ധം ഏറെ സന്തോഷം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. എൽഡിഎഫ് ജാഥ ആറാട്ട്പുഴയിൽ എത്തിയപ്പോഴാണ് മന്ത്രിയെ കാണാനായി മിത്രമോൾ അമ്മയ്ക്കും ചേച്ചിയ്ക്കുമൊപ്പം എത്തിയത്.




