KOYILANDY DIARY.COM

The Perfect News Portal

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എസ് എസ് കെ ഫണ്ട് അടക്കം അനുവദിക്കാത്ത കേന്ദ്രത്തിന്റെ നടപടിക്കെതിരെ കോടതിയില്‍ പോകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പിക്കുന്ന പി എം ശ്രീ പദ്ധതിയെ അംഗീകരിക്കില്ലെന്ന് എസ് എഫ്‌ ഐ, യു ഡി എസ് എഫ് പ്രവര്‍ത്തകർ പറഞ്ഞു.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയില്‍ കേരളത്തിന് ആവശ്യമായ ഫണ്ട് ലഭിക്കാന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 1,500 കോടിയിലധികം രൂപ നിലവില്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുണ്ട്. ഇത് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചില്ല എന്നതിന്റെ പേരിലാണ് തടഞ്ഞു വെച്ചിട്ടുള്ളത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വ്യക്തമാക്കി.

 

പി എം ശ്രീ യുടെ പേരില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ആണ് കേന്ദ്രത്തിന്റെ ശ്രമമെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഇടതുപക്ഷ അനുകൂല സംഘടനകള്‍ വ്യക്തമാക്കി. ഗവര്‍ണറെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എ ബി വി പി നടത്തുന്ന സമരമെന്നും എസ് എഫ്‌ ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

Advertisements

 

സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാറിനൊപ്പമാണ് തങ്ങളെന്ന് വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും പറഞ്ഞു. അതേസമയം, സംസ്ഥാനത്തിന് തുക അനുവദിക്കാത്ത കേന്ദ്രത്തെ അനകൂലിച്ചാണ് എ ബി വി പി പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തത്.

Share news