KOYILANDY DIARY.COM

The Perfect News Portal

മന്ത്രിയെ പുറത്താക്കിയ സംഭവം: സ്വന്തം തീരുമാനം തമിഴ്‌നാട്‌ ഗവർണർ മരവിപ്പിച്ചു

ന്യൂഡൽഹി: മന്ത്രിയെ പുറത്താക്കിയ സംഭവം: സ്വന്തം തീരുമാനം തമിഴ്‌നാട്‌ ഗവർണർ മരവിപ്പിച്ചു. സെന്തിൽ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്ന്‌ പുറത്താക്കിയ സ്വന്തം നടപടിയാണ് തമിഴ്‌നാട്‌ ഗവർണർ ആര്‍ എന്‍ രവി മരവിപ്പിച്ചത്‌. കോടതിയിൽനിന്ന്‌ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയിൽ. വ്യക്തമായ നിയമോപദേശം തേടാതെയുള്ളയുള്ള ഗവർണറുടെ എടുത്തുചാട്ടം വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
മഹാരാഷ്ട്രയിലെ അധികാരത്തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഗവർണർമാർക്ക്‌ ഭരണഘടന ഏർപ്പെടുത്തിയിട്ടുള്ള പരിമിതികളെക്കുറിച്ച്‌ സുപ്രീംകോടതി വ്യക്തമായ നിരീക്ഷണം നടത്തിയിട്ടുണ്ട്‌. മന്ത്രിസഭയുടെ ഉപദേശ, നിർദേശങ്ങൾക്ക്‌ അനുസരിച്ചായിരിക്കണം ഗവർണർ തീരുമാനങ്ങൾ എടുക്കേണ്ടതെന്ന്‌ കോടതി വിലയിരുത്തി.

സുപ്രീംകോടതി നിർദേശങ്ങളെ മറികടക്കുന്ന ഇടപെടലാണ്‌ രവി നടത്തിയത്‌.  ‘സാധാരണഗതിയിൽ മന്ത്രിസഭയുടെ ഉപദേശ, നിർദേശാനുസരണമാണ്‌ ഗവർണർ പ്രവർത്തിക്കേണ്ടത്. എന്നാൽ, എന്റെ നിർദേശം മറികടന്ന്‌ വി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിലനിർത്താനുള്ള താങ്കളുടെ തീരുമാനം അനാരോഗ്യകരമായ ഇടപെടലാണ്’–- എന്നാണ്‌ ഗവർണർ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിന് വ്യാഴം വൈകിട്ട്‌ ഏഴിന്‌ നൽകിയ കത്തിൽ പറയുന്നത്‌.

എന്നാൽ, രാത്രി 11.45ന്‌ അയച്ച രണ്ടാമത്തെ കത്തിൽ ഈ നിലപാടിൽനിന്ന്‌ അദ്ദേഹം പിന്മാറി. കൃത്യമായ നിയമോപദേശ പ്രകാരമേ ഈ വിഷയത്തിൽ തീരുമാനം എടുക്കാനാകൂവെന്ന് ആഭ്യന്തരമന്ത്രാലയത്തിൽനിന്ന്‌ നിർദേശം ലഭിച്ചതോടെ മുൻ തീരുമാനം മരവിപ്പിക്കുകയാണെന്ന്‌ രണ്ടാമത്തെ കത്തിൽ ഗവർണർ പറയുന്നു. അറ്റോർണി ജനറലിന്റെ  ഉപദേശം തേടിയശേഷമേ തുടർനടപടിയുണ്ടാകൂവെന്നും പറയുന്നു. മന്ത്രിയെ പുറത്താക്കുന്നതുപോലെ ഗൗരവമേറിയ നടപടിക്കുമുമ്പ്‌ നിയമോപദേശം  തേടിയിരുന്നില്ലെന്നാണ് ഗവർണർ സ്വയം വെളിപ്പെടുത്തിയത്.

Advertisements

കേന്ദ്ര സർക്കാരിനോടുള്ള രാഷ്ട്രീയ വിധേയത്വത്തിന്റെമാത്രം അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്ന ഏജന്റായി ഗവർണർമാർ മാറുന്നുവെന്ന ആക്ഷേപം ശരിവയ്‌ക്കുന്ന രീതിയിലുള്ള ഇടപെടലാണ്‌ ഗവർണർ നടത്തിയത്‌. ഇത്തരം ഇടപെടലുകൾക്ക്‌ സുപ്രീംകോടതിയിൽനിന്ന്‌ വലിയ തിരിച്ചടി ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ്‌ ലഭിച്ചതോടെയാണ്‌ ഗവർണർ മുൻ തീരുമാനം മരവിപ്പിക്കാൻ നിർബന്ധിതനായത്‌.

Share news