KOYILANDY DIARY.COM

The Perfect News Portal

ഗുരുവായൂരപ്പൻ കോളേജില്‍ നിര്‍മിച്ച ശലഭോദ്യാനവും നക്ഷത്ര വനവും മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്‌തു

കിണാശ്ശേരി: വനം, വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം ഉത്തര മേഖല ഡിവിഷൻ നേതൃത്വത്തില്‍ ഗുരുവായൂരപ്പൻ കോളേജില്‍ നിര്‍മിച്ച ശലഭോദ്യാനവും നക്ഷത്ര വനവും മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്‌തു. പ്രകൃതിയെ അറിഞ്ഞും കണ്ടും വളരാനുള്ള സാഹചര്യം വരുംതലമുറയ്‌ക്ക് ഒരുക്കി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും നഗര സൗന്ദര്യവൽക്കരണത്തിന്റെയും ഭാഗമായി പ്രകൃതിപഠനത്തിന് ഉതകുന്ന ശലഭോദ്യാനം ആദ്യഘട്ടത്തിൽ മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും ഗുരുവായൂരപ്പന്‍ കോളേജിലുമാണ് ഇടം നേടിയത്.

രണ്ടാം ഘട്ടത്തില്‍ ഫാറൂഖ് കോളേജിലും ശലഭോദ്യാനം നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ശോഭീന്ദ്രന്റെ സ്മരണാര്‍ത്ഥം നിര്‍മിച്ച ശലഭോദ്യാനത്തിന് ‘ശോഭീന്ദ്രം’ എന്നാണ് പേരിട്ടത്. കോളേജ് നേച്ചര്‍ ക്ലബ്ബിന്റെയും ഭൂമിത്രസേന ക്ലബ്ബിന്റെയും നേതൃത്വത്തില്‍ വനം വകുപ്പിന്റെ സഹകരണത്തോടെയാണ് ഇത് നിര്‍മിച്ചത്. കൗണ്‍സിലര്‍ കെ ഈസ അഹമ്മദ് അധ്യക്ഷനായി. ഫാറൂഖ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ വി എസ് ബോധികൃഷ്ണ മുഖ്യാതിഥിയായി. ആര്‍ കീര്‍ത്തി മുഖ്യ പ്രഭാഷണം നടത്തി.

 

ഗുരുവായൂരപ്പന്‍ കോളേജ് മലയാളം വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ ശോഭീന്ദ്രന്‍ മാസ്റ്റര്‍ അനുസ്മരണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. രജനി, പി ധനേഷ് കുമാര്‍, ഡോ. കെ അനൂപ്, എ പി ഇംതിയാസ്, സത്യപ്രഭ, ആര്‍ സന്തോഷ് കുമാര്‍, ഡോ. കെ സുധീര്‍, കോളേജ് മാനേജര്‍ രവീന്ദ്ര വര്‍മരാജ, കെ എന്‍ ദിവ്യ, തച്ചോലത്ത് ഗോപാലന്‍ മണാശ്ശേരി, കെ നീതു എന്നിവർ സംസാരിച്ചു.

Advertisements
Share news