ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞു; 15 പേർക്ക് പരിക്ക്

പാലക്കാട്: തമിഴ്നാട്ടിലെ ചെന്നൈയിൽനിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു. പാലക്കാട് – മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച രാത്രി 12.30നായിരുന്നു അപകടം.

ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പച്ചക്കറിയുമായിപ്പോയ മിനിലോറി ബസിന്റെ പിന്നിലടിച്ചതാണ് അപകടകാരണം. പരിക്കേറ്റവരെ ആലത്തൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വടക്കഞ്ചേരി പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. ആകെ 24 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

