KOYILANDY DIARY.COM

The Perfect News Portal

പദവി ഏറ്റെടുക്കാൻ താല്പര്യമില്ല; കേരള സർവകലാശാല രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് മിനി കാപ്പൻ

കേരള സർവകലാശാല രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് മിനി കാപ്പൻ. പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച് വിസിക്ക് കത്ത് നൽകി. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകി കഴിഞ്ഞ ദിവസം വി സി ഉത്തരവ് ഇറക്കിയിരുന്നു. വിവാദങ്ങൾക്ക് താല്പര്യമില്ലെന്ന് മിനി കാപ്പൻ വി സിക്ക് നൽകിയ കത്തിൽ പറയുന്നു.

അതേസമയം കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെതിരെ അനധികൃത നീക്കവുമായി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. കെ എസ് അനിൽകുമാർ ഒപ്പിട്ട ഫയലുകൾ തിരിച്ചയക്കുകയും മിനി കാപ്പൻ അയച്ച ഫയലുകൾ വി സി അംഗീകരിക്കുകയും ചെയ്തു. കെ എസ് അനിൽകുമാർ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനം റദ്ദാക്കാനുള്ള നീക്കവും വിസി ആരംഭിച്ചു. അതേസമയം അടിയന്തര സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വിസിക്ക് കത്ത് നൽകി.

 

കേരള സർവകലാശാലയെ ഭരണ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നടപടികൾക്കാണ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിൻ്റെ നടപടികൾ വഴിവയ്ക്കുന്നത്. സിൻഡിക്കേറ്റിനാൽ തെരഞ്ഞെടുക്കപ്പെട്ട കോടതി അംഗീകരിച്ച രജിസ്ട്രാർ ഡോ. കെ എസ് അനിൽ കുമാർ ഒപ്പിട്ട് അയച്ച മൂന്ന് ഫയലുകളും വി സി തിരിച്ചയച്ചു. അതേസമയം വി സി , രജിസ്ട്രാറുടെ താത്കാലിക ചുമതല നൽകിയ ഡോ. മിനി കാപ്പൻ അയച്ച 25 ഫയലുകൾക്കാണ് അനുമതി നൽകിയത്. നിയമപ്രകാരം നിലനിൽക്കില്ല എന്നിരിക്കയാണ് വിസിയുടെ ഇത്തരം നീക്കങ്ങൾ. സിൻഡിക്കേറ്റിൻ്റെ അധികാരങ്ങൾ വൈസ് ചാൻസലർ കവർന്നെടുക്കുന്നതായി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതികരിച്ചു. അടിയന്തര സിൻഡിക്കേറ്റ് യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ട് അംഗങ്ങൾ വി സിക്ക് കത്തും നൽകി.

Advertisements

കെ എസ് അനിൽകുമാർ ഉപയോഗിക്കുന്ന രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം പിൻവലിക്കുന്നതിനുള്ള നീക്കങ്ങളും വിസി ആരംഭിച്ചു. ഇതിൻറെ സാധുത വിസി പരിശോധിക്കുകയാണ്. അനധികൃതമായാണ് കെ എസ് അനിൽകുമാർ വാഹനം ഉപയോഗിക്കുന്നത് എന്നാണ് ഡോ. മോഹനൻ കുന്നുമ്മലിന്റെ വിലയിരുത്തൽ. അതേസമയം, വിഷയത്തെ കോടതിയിലേക്ക് എത്തിക്കുക എന്ന തീരുമാനമാണ് ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളുടേത്. എന്നാൽ നിയമപ്രകാരം മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ എന്ന ആത്മവിശ്വാസത്തിലാണ് സിൻഡിക്കേറ്റുള്ളത്.

Share news