രാജ്യത്തിനു പുറത്തും മിൽമ ഉൽപ്പന്നങ്ങൾ; ലുലു ഗ്രൂപ്പുമായി ധാരണപത്രം ഒപ്പിട്ടു
ന്യൂഡൽഹി: രാജ്യത്തിനു പുറത്തും മിൽമ ഉൽപ്പന്നങ്ങളെത്തിക്കാൻ പദ്ധതികൾ തുടങ്ങി. കേരള കോ– ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലുലു ഗ്രൂപ്പുമായി ധാരണപത്രം ഒപ്പിട്ടു. പ്രഗതി മൈതാനിയിലെ വേൾഡ് ഫുഡ് ഇന്ത്യ ഫെസ്റ്റിലാണ് സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് വൻതോതിൽ ഗുണം ലഭിക്കുന്ന പദ്ധതിക്ക് ധാരണപത്രമായത്.

വ്യവസായമന്ത്രി പി രാജീവ്, പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, മിൽമ ചെയർമാൻ കെ എസ് മണി എന്നിവരുടെ സാന്നിധ്യത്തിൽ കെസിഎംഎംഎഫ് എംഡി ആസിഫ് കെ യൂസഫും ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലിമുമാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്. തുടക്കത്തിൽ മിൽമ നെയ്യ്, പ്രീമിയം ഡാർക്ക് ചോക്ലേറ്റ്, ഗോൾഡൻ മിൽക്ക് മിക്സ് പൗഡർ (ഹെൽത്ത് ഡ്രിങ്ക്), ഇൻസ്റ്റന്റ് പനീർ ബട്ടർ മസാല, പാലട പായസം മിക്സ് എന്നിവയാണ് പ്രവാസികൾക്ക് ലഭിക്കുക.

രണ്ടുവർഷംകൊണ്ട് 1000 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം വളരെ മികച്ചതാണെന്നും 48 മണിക്കൂറിനുള്ളിൽ വ്യവസായം ആരംഭിക്കുന്നതിനുള്ള അനുമതി നൽകുന്ന നയം സർക്കാരിൻറെ മികവാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു.

