KOYILANDY DIARY.COM

The Perfect News Portal

ഉൽക്കവർഷം ശനി, ഞായർ ദിവസങ്ങളിൽ ഇന്ത്യയിലും കാണാം

വർഷംതോറും മാനത്ത് പ്രത്യക്ഷമാവുന്ന ഉൽക്കവർഷം ശനി, ഞായർ ദിവസങ്ങളിൽ ഇന്ത്യയിലും കാണാനാവും. പ്രത്യേക കണ്ണടയോ ദൂരദർശിനിയോ ഇല്ലാതെതന്നെ ഈ ആകാശവിസ്മയം കാണാം. ശനി രാത്രി 12 മുതൽ മിന്നിത്തിളങ്ങുന്ന ഉൽക്കകൾ മാനത്ത് തലങ്ങും വിലങ്ങും പായുന്ന മനോഹരമായ കാഴ്ചകാണാൻ ലോകമെമ്പാടുമുള്ള ശാസ്ത്രകാരന്മാർ വിപുലമായ തയ്യാറെടുപ്പിലാണ്‌. ചന്ദ്രനില്ലാത്ത ന്യൂമൂൺ സമയമായതിനാൽ കൂടുതൽ വ്യക്തമായി കാണാൻ കഴിയും. 2007ലാണ് ഇത്തരമൊരു കാഴ്ച ഒടുവിൽ കാണാനായത്‌.  

 
ഇത് പൂർണതയോടെ കാണാൻ കഴിയുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. കിഴക്കൻ ആകാശത്താണ് ദൃശ്യമാവുക. കാർമേഘങ്ങൾ ചതിച്ചില്ലെങ്കിൽ നന്നായി കാണാം. ഓരോ 130 വർഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ് -ടട്ട്ൽ എന്ന ഭീമൻ വാൽനക്ഷത്രം കടന്നുപോകാറുണ്ട്. ആ സമയത്ത്  തെറിച്ചുവീഴുന്ന പൊടിപടലങ്ങൾ, മഞ്ഞ് മുതലായവ സൗരയൂഥത്തിൽ തങ്ങിനിൽക്കും.
വർഷത്തിലൊരിക്കൽ ഭൂമിയുടെ അന്തരീക്ഷത്തിൽ ഈ അവശിഷ്ടങ്ങൾ കടന്നുപോകുമ്പോഴാണ് ഉൽക്കമഴ അനുഭവപ്പെടുന്നത്. സെക്കന്റിൽ 60 കി. മീ വേഗത്തിലാണ് ഇവയുടെ വരവ്. എല്ലാ വർഷവും ജൂലൈ 17 മുതൽ ആഗസ്‌ത്‌ 24 വരെ ഇത് ഉണ്ടാവാറുണ്ട്. 12, 13, 14 തീയതികളിലാണ് ഉന്നതിയിലെത്തുന്നത്. ഇത്തവണ 12 ന് അർധരാത്രി മുതൽ തുടങ്ങുമെന്നും 13 ന് പുലർച്ചെ മൂന്ന് മുതൽ നാല് വരെയുള്ള സമയത്തായിരിക്കും പാരമ്യതയിലെത്തുക  എന്നുമാണ്‌ നാസ നൽകുന്ന സൂചന.

 

Share news