KOYILANDY DIARY.COM

The Perfect News Portal

റീൽസിനായി പ്രത്യേക ആപ്പ് പുറത്തിറക്കാനൊരുങ്ങി മെറ്റ

ഇൻസ്റ്റഗ്രാമിലെ റീൽസ് ഫീച്ചർ ഇനി പ്രത്യേക ആപ്പായി പുറത്തിറക്കാൻ മെറ്റ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് യുഎസിൽ ഭാവിയിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന സൂചനകൾ വന്നതോടെയാണ് മെറ്റയുടെ ഈ നീക്കം. ഇൻസ്റ്റഗ്രാമിൽ നിന്നും റീൽസ് പൂർണമായും ഒഴിവാക്കില്ല. പകരം റീൽസിനായി ഒരു പ്രത്യേക ആപ്പ് അവതരിപ്പിക്കാനാണ് മെറ്റയുടെ പദ്ധതി. 

ടിക് ടോക്കിന് വെല്ലുവിളിയായി ഇതിനോടകം തന്നെ മെറ്റ രംഗത്തെത്തിയിട്ടുണ്ട്. ഈയടുത്ത് ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ എഡിറ്റിംഗ് ആപ്പായ ക്യാപ്കട്ടിന്റെ ഉപയോക്താക്കളെ ലക്ഷ്യമിട്ട്, “എഡിറ്റ്സ്” എന്ന പേരിൽ മെറ്റ പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് പുറത്തിറക്കിയിരുന്നു. ഇതിലൂടെ ടിക് ടോക്കിന്റെ വിപണിയിൽ ഒരു പങ്ക് നേടാനാണ് മെറ്റ ശ്രമിക്കുന്നത്.

 

ടിക് ടോക്കിനോട് മത്സരിക്കാൻ 2018-ൽ മെറ്റ “ലാസോ” എന്ന പേരിൽ ഒരു വീഡിയോ ഷെയറിംഗ് ആപ്പ് പരീക്ഷിച്ചിരുന്നു. എന്നാൽ ആ ആപ്പിന് കാര്യമായ പ്രചാരം ലഭിക്കാത്തതിനാൽ അത് പിന്നീട് നിർത്തലാക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിലെ റീൽസ് ഫീച്ചർ വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്. ഇത് പ്രത്യേക ആപ്പായി പുറത്തിറക്കിയാൽ ടിക് ടോക്കിന് ഒരു ശക്തമായ എതിരാളിയായി മാറാൻ സാധ്യതയുണ്ട്.

Advertisements
Share news