മേപ്പയൂർ നെല്ല്യാടി റോഡ് ഗതാഗതയോഗ്യമാക്കണം: കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട്

കൊയിലാണ്ടി: മേപ്പയൂർ – നെല്ല്യാടി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട് പറഞ്ഞു. കഴിഞ്ഞ ജൂൺ 29നകം മേപ്പയൂർ നെല്ല്യാടി റോഡ് ഗതാഗതയോഗ്യമാക്കുമെന്നു പറഞ്ഞ് പത്രക്കുറിപ്പ് ഇറക്കിയ ടി.പി രാമകൃഷ്ണൻ എംഎൽഎ ഇനി ജനങ്ങളോട് എന്തു പറയുമെന്ന് അദ്ധേഹം ചോദിച്ചു. നിത്യേന നിരവധി ഇരുചക്രവാഹനങ്ങളാണ് ഈ റോഡിൽ അപകടത്തിൽ പെടുന്നതെന്നും അദ്ധേഹം പറഞ്ഞു.

മേപ്പയൂർ നെല്ല്യാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കീഴരിയൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി കിഫ് ബി യുടെ ചാർജ്ജ് വഹിക്കുന്ന പൊതുമരാമത്ത് ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് മിസ് ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. യു ഡി എഫ് ചെയർമാൻ ടി.യു. സൈനുദ്ദീൻ അധ്യക്ഷതവഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, പഞ്ചായത്തംഗം കെ.സി.രാജൻ, ചുക്കോത്ത് ബാലൻ നായർ, ഇ. രാമചന്ദ്രൻ, ബി.ഉണ്ണിക്കൃഷ്ണൻ, കെ. റസാഖ്, ജി.പി.പ്രീജിത്ത്, സാബിറ നടുക്കണ്ടി, വാർഡ് മെമ്പർ സവിത നിരത്തിൻ്റെ മീത്തൽ, രജിത കടവത്ത് വളപ്പിൽ, വിശ്വൻ കൊളപ്പേരി, കെ.കെ. സത്താർ എന്നിവർ സംസാരിച്ചു.
