KOYILANDY DIARY.COM

The Perfect News Portal

മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതം: കുട്ടനാട്ടിൽ നിന്ന് ഒരാളും പാർട്ടി വിട്ട് പോയിട്ടില്ലെന്ന് സിപിഐ(എം)

ആലപ്പുഴ: സിപിഐ എമ്മിനെതിരെ ചില മാധ്യമങ്ങളിൽ നിരന്തരമായി വരുന്ന വാർത്തകൾ അടിസ്ഥാന രഹിതവും പച്ചക്കള്ളവുമാണെന്ന്‌ സിപിഐ എം ജില്ലാകമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. കുറെ നാളുകളായി കുട്ടനാട്ടിൽ സിപിഐ എമ്മിൽനിന്ന്‌ കൂട്ടരാജി എന്ന് പറഞ്ഞ്‌ വാർത്തകൾ നിരന്തരം പ്രചരിപ്പിക്കുകയാണ്‌. ഇപ്പോൾ രാജിവെച്ചവർ ഏതോ പാർടിയിൽ ചേരുന്നു എന്നാണ്‌ വാർത്തകൾ പ്രചരിപ്പിക്കുന്നത്.
കുട്ടനാട്ടിൽ നിന്ന് നാളിതുവരെ ഒരാളും സിപിഐ എം വിട്ട് പോയിട്ടില്ല. മറ്റ് പാർടിയിൽ ചേർന്നിട്ടുമില്ല. എന്നാൽ മറ്റ് പാർടികളിൽ നിന്ന്‌ രാജിവച്ച്‌ നിരവധി പേർ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കുന്നു. വെട്ട് കേസിൽ സിപിഐ എം പ്രാദേശിക നേതൃത്വം ഒത്തുതീർപ്പുണ്ടാക്കിയെന്ന വാർത്ത പ്രചരിപ്പിച്ച പത്രം പിന്നീട് ജില്ലാ നേതൃത്വം ഇടപെട്ട് ഒത്തുതീർപ്പ് പൊളിച്ചുവെന്ന വാർത്ത കൊടുത്തു. ഒത്തുതീർപ്പ് ഉണ്ടായിട്ടുമില്ല. പൊളിച്ചിട്ടുമില്ല. പച്ചക്കള്ളം പ്രചരിപ്പിക്കുകയുമാണ്.
 

നിരന്തരമായി നുണ പ്രചാരണം നടത്തി ആലപ്പുഴ ജില്ലയിലെ സിപിഐ എമ്മിന്റെ കരുത്ത് തകർക്കാം എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പ്രചാരവേല നടത്തുന്നത്. ജില്ലയിലെ മഹാഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയുള്ള  കരുത്തുറ്റ രാഷ്ട്രീയ പാർടിയാണ് സിപിഐ എം. ആലപ്പുഴ പാർലമെന്റ് സീറ്റിലും 9 ൽ 8 നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫ്ആണ് വിജയിച്ചത്.

ജില്ലയിലെ 72 പഞ്ചായത്തുകളിൽ 62 ലും 12 ബ്ലോക്ക് പഞ്ചായത്തുകളിൽ 11 ലും 23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 21 ലും എൽഡിഎഫ് ആണ് വിജയിച്ചത്. ഈ രൂപത്തിൽ ജില്ലയിലെ ജനങ്ങളുടെ പിന്തുണ ആർജിച്ച സിപിഐ എമ്മിനെതിരെ  കള്ളപ്രചാര വേല നടത്തി മോശപ്പെടുത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഈ മാധ്യമ പ്രചാരവേല ജില്ലയിലെ ജനങ്ങൾ തള്ളിക്കളഞ്ഞ് സിപിഐ എമ്മിനെ കൂടുതൽ ശക്തിപ്പെടുത്തുക തന്നെ ചെയ്യുമെന്ന്‌ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.

Share news