KOYILANDY DIARY

The Perfect News Portal

മാധ്യമവിധികള്‍’ വിചാരണചെയ്യുന്ന വിധിന്യായം; സിപിഐ(എം) നേതാവിന്‌റെ ജീവിതപങ്കാളിയാണെന്ന ഒറ്റ കാരണത്താല്‍: മന്ത്രി റിയാസ്‌

കൊച്ചി: മാധ്യമവിധികള്‍ വിചാരണ ചെയ്യുന്ന വിധിന്യായമാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്നുമുണ്ടായതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖമടച്ച് കിട്ടിയ അടിയാണ് ഈ വിധി. ദിവസങ്ങളോളം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്ന ദിവസമാണ് ഇന്ന്. സി പി ഐ(എം) നേതാവിന്റെ ജീവിത പങ്കാളി ആണെന്ന ഒറ്റ കാരണത്താല്‍ വേട്ടയാടപ്പെട്ടതാണ്, അധിക്ഷേപിക്കപ്പെട്ടതാണ്.

അത്തരം ഒരു കേസില്‍ ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലെ ചില നിരീക്ഷണങ്ങള്‍ വളരെ പ്രാധാന്യം ഉള്ളതാണെന്ന് റിയാസ് പറഞ്ഞു.  ഇന്ന് മാധ്യമങ്ങളിലോ അന്തിചര്‍ച്ചകളിലോ വിശദമായി ചിലപ്പോള്‍ നിങ്ങള്‍ക്ക് കോടതി വിധിയിലെ ഈ നിരീക്ഷണം കാണാന്‍ കഴിഞ്ഞെന്നു വരില്ല. ക്യാപ്ഷനുകളില്‍ തിരിച്ചടികളും പരാജയങ്ങളും ഇല്ലാതെ എല്ലാം ‘ആശ്വാസത്തില്‍’ ഒതുക്കിയ ദിവസമാണല്ലോ ഇന്ന്.

ഇന്നത്തെ ഹൈക്കോടതി ഉത്തരവ് വളരെ കൃത്യമായി തന്നെ മാധ്യമങ്ങള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

Advertisements

1. കേസ് പരിഗണിക്കുന്ന വേളയില്‍ ജഡ്ജിമാരുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ എടുത്ത് അന്യായമായ അഭിപ്രായപ്രകടനവും വ്യാഖ്യാനവും നടത്തി കക്ഷികളുടെ മാന്യതയ്ക്കും യശസ്സിനും ആഘാതം ഉണ്ടാക്കുന്ന രീതി മാധ്യമങ്ങള്‍ അവസാനിപ്പിക്കണം.

2. കേസ് ജയിച്ചാല്‍ പോലും ഇത്തരം പരാമര്‍ശങ്ങള്‍ കക്ഷികള്‍ക്കുണ്ടാക്കുന്ന ദോഷം മാറില്ലെന്ന ഓര്‍മപ്പെടുത്തല്‍ .

3. സ്വകാര്യതക്കുള്ള അവകാശം മൗലിക അവകാശം ആണ്. മാധ്യമങ്ങളില്‍ നിന്നും സ്വകാര്യവ്യക്തികളില്‍ നിന്നും ഈ സംരക്ഷണം ലഭിക്കണം

4. ഈ നിരീക്ഷണങ്ങള്‍ കണക്കിലെടുത്ത് ഉത്തരവാദിത്വത്തോടുകൂടിയുള്ള മാധ്യമ പ്രവര്‍ത്തന ശൈലി മാധ്യമങ്ങള്‍ സ്വീകരിക്കണം

കോടതി സൂചിപ്പിച്ചത് വളരെ ഗൗരവത്തോടു കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഉടമകളെ പ്രീതിപ്പെടുത്താന്‍, അവരുടെ രാഷ്ട്രീയ താത്പ്പര്യങ്ങള്‍ക്ക് വേണ്ടി വ്യക്തിഹത്യ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖമടച്ച് കിട്ടിയ അടിയാണ് ഈ വിധി-. മന്ത്രി വ്യക്തമാക്കി.