ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ മാധ്യമങ്ങൾക്ക് വിലക്ക്

തൃശൂർ: ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ദൃശ്യങ്ങൾ പകർത്തുന്നതിനും ചിത്രം എടുക്കുന്നതിനും വിലക്ക്. കേരള കാർഷിക സർവകലാശാലയുടെ ബിരുദധാന ചടങ്ങിലാണ് വിലക്കേർപ്പെടുത്തിയത്. രാജഭവന്റെ നിർദ്ദേശത്തെ തുടർന്നാണ് മാധ്യമങ്ങൾക്കുൾപ്പെടെ ദൃശ്യങ്ങൾ പകർത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കാർഷിക സർവകലാശാല അറിയിച്ചു.

ഈ മാസം 26ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃശൂർ പുഴക്കൽ ഹയാത്ത് റീജൻസിയിലാണ് ബിരുദധാന ചടങ്ങ് നടക്കുന്നത്. ഗവർണർക്കൊപ്പം കൃഷി മന്ത്രി പി പ്രസാദും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഭാരതാംബ വിവാദത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന വേദി കൂടിയാണിത്. ഗവർണറുടെ ഓഫീസിൽ നിന്ന് വാക്കാലുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. 25 മാധ്യമപ്രവർത്തകർക്ക് മാത്രമായിരിക്കും ചടങ്ങിലേക്ക് പ്രവേശനം ഉണ്ടാവുക.

