KOYILANDY DIARY

The Perfect News Portal

അധികാരവ്യവസ്ഥയുടെ നെടുംതൂണായി മാധ്യമങ്ങൾ: മന്ത്രി എം ബി രാജേഷ്‌

കോഴിക്കോട്‌ : ജനാധിപത്യത്തിന്റെ നാലാം തൂണായിരുന്ന മാധ്യമങ്ങൾ ഇന്ന്‌  അധികാരവ്യവസ്ഥയുടെ നെടുംതൂണായാണ്‌ പ്രവർത്തിക്കുന്നതെന്ന്‌  മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. നാലാം തൂണായിരുന്നപ്പോൾ മാധ്യമങ്ങൾ അധികാരത്തെയും വ്യവസ്ഥയെയും നിരന്തരം വിമർശിച്ചിരുന്നു. എന്നാലിന്ന്‌ അധികാര വിമർശം കൈയൊഴിഞ്ഞു, വ്യവസ്ഥാപിത വിമർശം ഉപേക്ഷിക്കുകയും ചെയ്തു. അധികാരത്തിന്റെ ഭാഗമാകാനാണ്‌ മാധ്യമങ്ങൾ ശ്രമിക്കുന്നത്‌. എൻ രാജേഷ്‌ സ്‌മാരക മാധ്യമ പുരസ്കാരം ജോസി ജോസഫിന്‌ സമ്മാനിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം അപകടത്തിലായിട്ടും അതൊരു വാർത്തയേയല്ല.

ഇന്ന്‌ ഭരണകൂടത്തെ നയിക്കുന്നത്‌ കോർപറേറ്റ്‌ മനുവാദി ഹിന്ദുത്വസഖ്യമാണ്‌. ആ താൽപ്പര്യങ്ങളാണ്‌ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഏറ്റക്കുറച്ചിലോടുകൂടി ഏറ്റെടുക്കുന്നത്‌. കെ പി റെജി അധ്യക്ഷനായി. ‘സമകാലിക ഇന്ത്യയിലെ മാധ്യമങ്ങൾ’ എന്ന വിഷയത്തിൽ  ഒ അബ്ദുള്ള, കാരവൻ മാഗസിൻ ഓഡിയൻസ്‌ ഡെവലപ്‌മെന്റ്‌ എഡിറ്റർ ലീന രഘുനാഥ്‌ എന്നിവർ പ്രഭാഷണം നടത്തി. കെ എ സൈഫുദ്ദീൻ, വി എം ഇബ്രാഹിം, ടി എം അബ്ദുൾ ഹമീദ്‌, ടി ഹേമപാലൻ എന്നിവർ സംസാരിച്ചു. ടി നിഷാദ്‌ സ്വാഗതവും എ അഫ്‌സൽ നന്ദിയും പറഞ്ഞു.