KOYILANDY DIARY.COM

The Perfect News Portal

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായ യുവാവിന്റെ ഷൂസിനുള്ളില്‍ MDMA

എറണാകുളം: കരുമാല്ലൂര്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായ യുവാവിന്റെ ഷൂസിനുള്ളില്‍നിന്ന് പോലീസ് രാസലഹരി (എം.ഡി.എം.എ.) കണ്ടെടുത്തു. പടിഞ്ഞാറേ വെളിയത്തുനാട് പൊയ്യാപറമ്പില്‍ സബിന്‍നാഥിന്റെ വീട്ടില്‍ ആലങ്ങാട് പോലീസ് നടത്തിയ പരിശോധനയിലാണ് 97 ഗ്രാം രാസലഹരി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സബിന്‍നാഥ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടിരുന്നു.

പരിക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ ഇയാളുടെ വസ്ത്രങ്ങള്‍ മാറ്റുന്നതിനിടെ രാസലഹരിയുടെ ചെറിയ പായ്ക്കറ്റ് ആശുപത്രി അധികൃതര്‍ക്ക് കിട്ടി. ഇവര്‍ വിവരം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ ആലങ്ങാട് പോലീസ് പരിശോധന നടത്തിയത്. ഇയാള്‍ ഉപയോഗിക്കുന്ന ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 

രാസലഹരി വില്‍പ്പന നടത്താന്‍ പോകുന്നതിനിടെയാണ് ഇയാള്‍ അപകടത്തില്‍പ്പെട്ടതെന്നാണ് പോലീസിനു ലഭിച്ച വിവരം. ഒരു മിനറല്‍ വാട്ടര്‍ കമ്പനിയിലെ ഡ്രൈവറാണ് സബിന്‍നാഥ്. തലയ്ക്ക് പരിക്കേറ്റ ഇയാള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisements
Share news